കരുനാഗപ്പള്ളി : കൊവിഡ് വ്യാപനത്തെ തുടർന്ന് ആളുകളെ സ്രവ പരിശോധനയ്ക്കായി ആംബുലൻസുകളിൽ പരിശോധനാ കേന്ദ്രത്തിൽ എത്തിക്കുന്നതിനായി സൗജന്യ സേവനം നടത്തിവന്ന ക്യാപ്ടൻ ലക്ഷ്മി പാലിയേറ്റീവ് കെയർ ആംബുലൻസ് തടഞ്ഞിട്ടാതായി പരാതി. കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി 23-ാം ഡിവിഷനിൽ കൊവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇവിടെ സമ്പർക്കത്തിൽ പെട്ടതായി സംശയിക്കുന്നവരെ കൊണ്ടുപോകാനെത്തിയ ആബുലൻസാണ് ചിലർ തടഞ്ഞിട്ടത്ത്. രാവിലെ മുതൽ ആളുകളെ സൗജന്യമായി പരിശോധനാ കേന്ദ്രത്തിൽ ആംബുലൻസിൽ എത്തിച്ചിരുന്നു. ഇതിനിടെ കോൺഗ്രസിന്റെ വാർഡ് കൗൺസിലർ സാബുവും ആർ. എസ് .എസ് പ്രവർത്തകരും ചേർന്ന് ആംബുലൻസ് തടയുകയായിരുന്നു. പ്രതിരോധ പ്രവർത്തനത്തിൽ സർക്കാർ വേഗത്തിൽ ഇടപെടുന്നില്ല എന്നാരോപിച്ചായിരുന്നു ആക്രമണത്തിനൊരുങ്ങിയത്.പി. പി .ഇ കിറ്റ് ധരിച്ച് ജോലി ചെയ്തു കൊണ്ടിരിരുന്ന സനദ്ധ പ്രവർത്തകരെ തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു.തുടർന്ന് പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറി കോട്ടയിൽ രാജു പൊലീസിൽ പരാതി നൽകി.സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അധികൃതർ ഉറപ്പു നൽകിയതായി സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. എന്നാൽ രാഷ്ട്രീയ ലക്ഷ്യം വച്ചു കൊണ്ട് കോൺഗ്രസ്, ആർ എസ് എസ് പ്രവർത്തകർ നടത്തിയ നടപടിക്കെതിരെ സി .പി . എം കരുനാഗപ്പള്ളി മുൻസിപ്പൽ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാതിരിക്കാൻ നടപടി ഉണ്ടാകണമെന്ന് സെക്രട്ടറി ബി . സജീവൻ ആവശ്യപ്പെട്ടു.