crop

 ഓണക്കാലത്ത് മനം നിറഞ്ഞ് കർഷകർ

കൊല്ലം: കാലാവസ്ഥയെ വെല്ലുവിളിച്ച് ഒന്നാംവിളയിറക്കിയ വയലുകളിൽ ഓണക്കൊയ്ത്ത് തുടങ്ങി. നിറപുത്തരി കണക്കാക്കി കൃഷിയിറക്കിയ സ്ഥലങ്ങളിലെ വിളയാണ് കൊയ്ത്തിന് പാകമായത്. വേനൽമഴ താളംതെറ്റിയത് തുടക്കത്തിൽ കർഷകരെ വിഷമിപ്പിച്ചിരുന്നു.

കുണ്ടറ ഇളമ്പള്ളൂരിൽ രണ്ട് ഹെക്ടറിലും കൊറ്റങ്കരയിൽ എട്ട് ഹെക്ടറിലും കിഴക്കേക്കല്ലടയിലെ മൂന്ന് ഹെക്ടറിലും വിളവെടുപ്പ് പൂർത്തിയായി. പാടശേഖര സമിതിയുടെയും കർഷകരുടെയും നേതൃത്വത്തിൽ കൃഷി വകുപ്പിന് കീഴിലുള്ള കൊയ്ത്ത്,​ മെതി യന്ത്രങ്ങൾ ഉപയോഗിച്ചാണ് വിളവെടുപ്പ് നടത്തിയത്. കൊട്ടിയം, ഉമയനല്ലൂർ എന്നിവിടങ്ങളിലെ ഏലാകളിൽ കൊയ്ത്തിനുള്ള തയ്യാറെടുപ്പുകളായിട്ടുണ്ട്.

കാലവർഷക്കെടുതികളിൽ കാര്യമായ നാശനഷ്ടം സംഭവിക്കാതിരുന്ന പാടങ്ങളിലെല്ലാം സാമാന്യം നല്ല വിളവാണുള്ളത്. ഉമ ഇനം വിത്താണ് ഇവിടങ്ങളിൽ കൃഷിക്കായി ഉപയോഗിച്ചത്. സിവിൽ സപ്ളൈസ് വകുപ്പിന്റെ സഹകരണത്തോടെ നെല്ല് സംഭരണത്തിനുള്ള നടപടികളും സ്വീകരിച്ചതായി ജില്ലാ കൃഷി ഓഫീസർ അറിയിച്ചു.

 3000 ഹെക്ടറിൽ

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ തരിശ് നിലങ്ങളിലുൾപ്പെടെ കൃഷിയിറക്കിയെങ്കിലും ചെടികൾ കതിരണിയാറായിട്ടില്ല. ജില്ലയിൽ 3,000ഓളം ഹെക്ടറിലാണ് ഒന്നാംവിളയിറക്കിയിട്ടുള്ളത്.

 പിന്തുടരുന്ന ആശങ്ക

ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചെങ്കിലും കർഷകരിൽ നിന്ന് ഇത്തവണ തണുത്ത പ്രതികരണമാണുള്ളത്. കഴിഞ്ഞതവണ നെല്ല് സംഭരിച്ചശേഷം തുകയ്ക്കായി മാസങ്ങൾ കാത്തിരിക്കേണ്ടി വന്നത് കർഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു.

 സ്വർണവർണമണിഞ്ഞ് കരനെൽ കൃഷിയും

കരനെൽ കൃഷിയിടങ്ങളിലും കതിരുകൾ കൊയ്ത്തിന് പാകമായി. ഏപ്രിലിൽ വിത്തിട്ടവരുടെ നെല്ലാണ് പാകമായത്. കർഷകരും പാടശേഖര സമിതിയും കൊയ്ത്ത്, മെതി യന്ത്രങ്ങൾക്കായി കൃഷി ഓഫീസുകളെ സമീപിച്ച് കഴിഞ്ഞു. ഓണത്തിന് മുമ്പും പിമ്പുമായി ഇവിടങ്ങളിൽ വിളവെടുപ്പ് തുടങ്ങും.