കൊല്ലം: സംസ്ഥാന പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ ആദ്യമായി പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചൽ ഉത്രവധക്കേസിൽ സൂരജിന് പിന്നാലെ മാതാപിതാക്കൾക്കും സഹോദരിയ്ക്കുമെതിരായ കുറ്റപത്രവും അന്വേഷണ സംഘം ഉടൻ സമർപ്പിക്കും. സ്വർണം ഒളിപ്പിച്ചത് അടക്കമുള്ള തെളിവ് നശിപ്പിക്കൽ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ആഴ്ചകൾ നീണ്ട നീക്കങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മേയ് 6ന് രാത്രിയിലാണ് അഞ്ചൽ ഏറം വിഷുവിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്ര (25) കിടപ്പുമുറിയിൽ പാമ്പുകടിയേറ്റ് കൊല്ലപ്പെടുന്നത്. മേയ് 24ന് സൂരജ് പിടിയിലായി. തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളിൽ സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ അറസ്റ്റിലായപ്പോഴും അമ്മയെയും സഹോദരിയെയും പിടികൂടിയിരുന്നില്ല. ഇരുവരും ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ഉത്രയുടെ കുടുംബം തുടക്കം മുതലേ പരാതി ഉന്നയിച്ചിരുന്നു.
പ്രധാന പ്രതിയായ സൂരജിനെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ചശേഷം അമ്മയ്ക്കും സഹോദരിക്കുമെതിരായ ക്രൈംബ്രാഞ്ചിന്റെ നീക്കം തന്ത്രപരമായിരുന്നു.
ഉത്രയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെ മകനെ ന്യായീകരിച്ച് രേണുക രംഗത്തെത്തിയിരുന്നു. സൂരജ് ഒരിക്കലും ഇത് ചെയ്യില്ലെന്നായിരുന്നു രേണുകയുടെ ആദ്യ പ്രതികരണം. എന്നാൽ, പിന്നീട് സത്യം പുറത്തുവന്നു. ഉത്രയെ താൻ കൊലപ്പെടുത്തിയതാണെന്നു തെളിവെടുപ്പിനിടെ സൂരജ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. ഈ ദൃശ്യങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സൂരജ് അറസ്റ്റിലായി 82-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി ഉത്രയെ വിവാഹം ചെയ്ത സൂരജ് ആസൂത്രിതമായി കൊലപാതകം നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പണം നൽകി വാങ്ങിയ അണലിയെ ഉപയോഗിച്ച് കൊലപ്പെടുത്താനുള്ള ആദ്യശ്രമം പരാജയപ്പെട്ടപ്പോൾ മൂർഖനെ വാങ്ങി കൊല നടത്തുകയായിരുന്നു. ഉരഗ ശാസ്ത്ര വിദഗ്ദ്ധരുടെ വിശകലനങ്ങളുൾപ്പെടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ഫോൺ രേഖകളും അടക്കം രണ്ടായിരത്തിലേറെ പേജുകളുള്ള കുറ്റപത്രമാണ് സൂരജിനെതിരെ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്. രണ്ടു ഭാഗങ്ങളുള്ള കുറ്റപത്രത്തിന്റെ ആദ്യ ഭാഗമാണിത്. ആസൂത്രിതവും അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണ് നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ബോധപൂർവം നടത്തിയ കൊലപാതകം (302), കൊലപാതകശ്രമം (307), മരണകാരണമായ ദേഹോപദ്രവം (326), തെളിവുനശിപ്പിക്കൽ (201) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. നൂറോളം പേജുള്ള പൊലീസ് റിപ്പോർട്ടും കുറ്റപത്രത്തിലുണ്ട്.
സൂരജിന്റെ അച്ഛൻ, അമ്മ, സഹോദരി എന്നിവർക്കെതിരായ കുറ്റപത്രത്തിന്റെ രണ്ടാം ഭാഗവും ഉടൻ കോടതിയിൽ സമർപ്പിക്കും. രേണുകയുടെയും സൂര്യയുടെയും കുറ്റസമ്മത മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന , സ്വത്ത് തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തുക.