ഫ്രാൻസിലെ നീസ് നഗരത്തിൽ ഒരു കോഫി ഷോപ്പുണ്ട്. പേര് ലെ പെറ്റൈറ്റ് സിറ കഫെ. ഇവിടെചെന്ന് മാന്യമായി ഓർഡർ ചെയ്തില്ലെങ്കിൽ കാപ്പിക്ക് ഇരട്ടി വില കൊടുക്കേണ്ടി വരും. അവിടെ വച്ചിരിക്കുന്ന മെനുവിൽ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നിങ്ങൾ ഇവിടെ പോയി "ഒരു കോഫി" എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ഒരു കപ്പിന് ഏഴ് യൂറോ (550 രൂപ) കൊടുക്കണം. "ഒരു കോഫി പ്ലീസ്" എന്ന് പറഞ്ഞാൽ നാല് യൂറോ( 300 രൂപ കൊടുത്താൽ മതി). "ഗുഡ് മോണിംഗ്, ഒരു കോഫീ പ്ലീസ്" എന്ന് പറഞ്ഞാൽ 1.4 യൂറോ (100 രൂപ) കൊടുത്താൽ മതി.
വെയിറ്റർമാരോട് മോശമായി പലരും പെരുമാറാറുണ്ട് എന്ന പരാതി വ്യാപകമാണ്. അതിനാൽ, തന്റെ കഫെയിൽ ഇത് ആവശ്യമാണെന്ന് കഫെ ഉടമ ഫാബ്രിസ് പെപ്പിനോ പറഞ്ഞു. "ഞാനും എന്റെ ഭാര്യയുമാണ് ഈ കഫേ നടത്തുന്നത്. ഞാൻ വൈൻ ഷോപ്പിലെ വെയിറ്റർ കൂടിയാണ്. ഉച്ചഭക്ഷണ സമയമാകുമ്പോൾ ഓഫീസിൽ ജോലി ചെയ്യുന്ന ആളുകൾ മോശമായി പെരുമാറാറുണ്ട്. അത് അവർ അനുഭവിക്കുന്ന സമ്മർദ്ദം മൂലമാകാം."
മാന്യമായ ഓർഡറിനെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന മെനുകാർഡ് ഒരു തമാശയാണെന്നും പെപ്പിനോ പറഞ്ഞു. ഒരു കാരണവശാലും താൻ 1.4 യൂറോയിൽ കൂടുതൽ ഒരു കോഫിക്കും വാങ്ങാറില്ല എന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു. കാരണം അത് നിയമവിരുദ്ധമാണ്. ഇത് അളുകളെ വരച്ചവരയിൽ നിർത്താനുള്ള ഒരു മാർഗം മാത്രമാണ്. ഇത് കണ്ടിട്ട് ഒരുപാട് ആളുകൾ മാന്യമായി പെരുമാറാൻ തുടങ്ങിയെന്നും പെപ്പിനോ അവകാശപ്പെടുന്നു.
അതേസമയം, ഫ്രീ ആയി കോഫി ലഭിക്കാൻ ആളുകൾ ഇപ്പോൾ കുറച്ച് ഓവർ മര്യാദ കാണിക്കുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു. "വന്ദനം പ്രഭോ, നിങ്ങളുടെ മനോഹരമായ ഒരു കോഫി ഞങ്ങൾക്ക് നൽകാമോ" എന്നൊക്കെ പറഞ്ഞ് ആളുകൾ സോപ്പ് ഇടുന്നുണ്ട്. ആളുകൾ പരസ്പരം മര്യാദയോടെ പെരുമാറുമ്പോൾ എല്ലാവർക്കും സന്തോഷം ലഭിക്കുമെന്നാണ് പെപ്പിനോ വിശ്വസിക്കുന്നത്. സ്ഥിരമായി വരുന്നവർ എല്ലാം ഇപ്പോൾ പുഞ്ചിരിച്ചേ ഭക്ഷണം ഓർഡർ ചെയ്യാറുള്ളു എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.