
സെപ്തംബർ അവസാന വാരത്തോടെ നടപടി
കൊല്ലം: നഗരസഭാ യോഗത്തിന്റെ മിനിട്സ് തിരുത്തിയ സംഭവുമായി ബന്ധപ്പെട്ട ഉപാസന ആശുപത്രിക്ക് സമീപത്തെ നഗരസഭയുടെ വിവാദ ഭൂമി അളക്കാനുള്ള നടപടി റവന്യു വകുപ്പ് ആരംഭിച്ചു. ഭൂമി അളക്കണമെന്ന നഗരസഭാ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭയുടെയും തൊട്ടടുത്തുള്ള മറ്റ് ഭൂമികളുടെയും വിശദ വിവരങ്ങളടങ്ങിയ റിപ്പോർട്ട് തഹസിൽദാർ വില്ലേജ് ഓഫീസറോട് ഉടൻ ആവശ്യപ്പെടും.
നഗരസഭാ ഭൂമി സ്വകാര്യ വ്യക്തി കൈയേറിയിട്ടുണ്ടെന്നും ഇത് മറയ്ക്കാനാണ് മതിൽ നിർമ്മാണത്തിന്റെ ടെണ്ടർ മിനിട്സ് തിരുത്തി അട്ടിമറിച്ചതെന്നുമാണ് നിലവിലെ ആരോപണം. നഗരസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് ആരോപണം ഉയർന്നതിനൊപ്പം വിവിധ സംഘടനകളുടെ പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് ഭൂമി അളക്കാൻ നഗരസഭാ സെക്രട്ടറി റവന്യു വകുപ്പിനെ സമീപിച്ചത്.
ഭൂമികളുടെ വിവരം സംബന്ധിച്ച് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് കിട്ടിയാലുടൻ നഗരസഭയ്ക്കും സമീപത്തെ ഭൂ ഉടമകൾക്കും താലൂക്ക് സർവേ വിഭാഗം നോട്ടീസ് നൽകും. സെപ്തംബർ അവസാന വാരത്തോടെ അളവ് നടക്കുമെന്നാണ് പ്രതീക്ഷ. കൈയേറ്റം കണ്ടെത്തിയാൽ ഇത് മറയ്ക്കാനാണ് നഗരസഭ അധികൃതർ മിനിട്സ് തിരുത്തിയതെന്ന ആരോപണം സ്ഥിരീകരിക്കപ്പെടും.
'' നഗരസഭാ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഉപാസന ആശുപത്രിക്ക് സമീപത്തെ ഭൂമി അളക്കാനുള്ള നടപടി തുടങ്ങി. നടപടിക്രമങ്ങൾ പൂർത്തിയാക്കി സെപ്തംബർ അവസാനവാരം അളക്കാൻ കഴിയും. ഇടയ്ക്ക് അവധി ദിനങ്ങൾ വരുന്നത് കൊണ്ടാണ് ഇത്രയും വൈകുന്നത്.''
ശശിധരൻപിള്ള (തഹസിൽദാർ)
സർക്കാർ ഉത്തരവ് മുക്കി
വിവാദ ഭൂമിയുടെ ഒരു ഭാഗം നഗരസഭയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നഗരസഭയിൽ കാണ്മാനില്ല. കൈയേറ്റം പിടിക്കപ്പെടാതിരിക്കാൻ ഈ ഉത്തരവ് നഗരസഭാ അധികൃതർ തന്നെ രേഖകളിൽ നിന്ന് നീക്കിയതെന്നാണ് സംശയം. സംഭവം പുറത്തായതോടെ പഴയ ഉത്തരവ് സെക്രട്ടേറിയറ്റിൽ നിന്ന് ശേഖരിക്കാനുള്ള ശ്രമം ഉദ്യോഗസ്ഥർ തുടങ്ങി.