uthra

കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ രണ്ടാം കുറ്റപത്രം 15 ദിവസത്തിനുള്ളിൽ കോടതിയിൽ സമർപ്പിക്കാൻ അന്വേഷണസംഘം ഒരുങ്ങുന്നു. നാല് പ്രതികളാണുള്ളത്. സൂരജിന്റെ അച്ഛൻ സുരേന്ദ്രപണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികൾ.
തെളിവ് നശിപ്പിക്കൽ, വിശ്വാസ വഞ്ചന, ഗാർഹിക പീഡനം എന്നിവയാണ് ചുമത്തിയിട്ടുള്ളത്. ഗാർഹിക പീഡനത്തിൽ ഉത്ര വല്ലാതെ ഉലഞ്ഞിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സൂരജിന്റെ അമ്മയും അനുജത്തിയും എല്ലായിടത്തുനിന്നും ഉത്രയെ അകറ്റിനിറുത്തിയിരുന്നു. ചടങ്ങുകളിൽ പോലും പങ്കെടുപ്പിച്ചിരുന്നില്ല.
വീട്ടിൽ വിരുന്നുകാരെത്തിയാൽ അവിടേക്കു വരുന്നതിലും വിലക്കിയിരുന്നു. വിരുന്നുകാരുടെ മുന്നിൽ വച്ചും ഉത്രയെ ശാസിച്ച് അകറ്റിയിരുന്നു. പലപ്പോഴും ഉത്ര മുറിയിലിരുന്ന് പൊട്ടിക്കരഞ്ഞിരുന്നു. ഉത്രയുമൊന്നിച്ച് ഭക്ഷണം കഴിക്കാൻ പോലും രേണുകയും സൂര്യയും തയ്യാറായിരുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.
ഉത്രയ്ക്ക് നൽകിയ സ്വർണാഭരണങ്ങൾ ഉപയോഗിച്ചാണ് സൂരജ് വീടുപണി പൂർത്തിയാക്കിയത്. ഇക്കാര്യം ഉത്രയ്ക്കറിയില്ലായിരുന്നു. ഇത് വിശ്വാസവഞ്ചനയായി കുറ്റപത്രത്തിലുണ്ടാവും. ഉത്രയുടെ സ്വർണം ബാക്കിയില്ലെന്ന് വരുത്താനാണ് വിറ്റതിന്റെയും പണയം വച്ചതിന്റെയും ബാക്കി 34.5 പവൻ കുഴിച്ചിട്ടത്. ഇത് തെളിവ് നശിപ്പിക്കാനും ഉത്രയുടെ സ്വർണം കൈക്കലാക്കാനും ലക്ഷ്യമിട്ടാണെന്നാവും കുറ്റപത്രത്തിൽ രേഖപ്പെടുത്തുക.

27 സാക്ഷികളുണ്ടാവുമെന്നാണ് സൂചന. ഉത്രയുടെ അമ്മ, സഹപ്രവർത്തകരായ അദ്ധ്യാപകരോട് ഉത്ര ഭർതൃവീട്ടിൽ അനുഭവിച്ച പ്രതികൂല സാഹചര്യങ്ങളെപ്പറ്റി പറഞ്ഞിരുന്നു. ഈ അദ്ധ്യാപകരിൽ ചിലർ ഇക്കാര്യം അന്വേഷണ സംഘത്തിനുമുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരെയും സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്രയെ സൂരജിന്റെ വീട്ടിൽ ഒറ്റപ്പെടുത്തിയിരുന്നത് നേരിട്ടുകണ്ട സൂരജിന്റെ ചില സുഹൃത്തുക്കളും സാക്ഷികളായി കോടതിയിലെത്തും.