ചെക്ക്പോസ്റ്റിൽ പരിശോധന ശക്തം
കൊല്ലം: ഓണക്കാലത്ത് പാലിൽ മായം കലർത്തുന്നത് തടയാൻ ആര്യങ്കാവ് ചെക്ക്പോസ്റ്റ് കേന്ദ്രീകരിച്ച് ക്ഷീരവികസന - ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. ശീതീകരണ സംവിധാനമുള്ള മിൽക്ക് ടാങ്കറുകളിൽ മാനദണ്ഡങ്ങളും ശുചിത്വവും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് പരിശോധനയുടെ ആദ്യഘട്ടം.
കേരളത്തിലെ വിവിധ ഡയറി യൂണിറ്റുകൾക്കായി റോ മിൽക്കാണ് കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്നത്. ഇവയിലെ കൊഴുപ്പ്, പ്രോട്ടീൻ എന്നിവ വേർതിരിച്ചാണ് പരിശോധിക്കുന്നത്. കൊവിഡ് ലോക്കിനെ തുടർന്ന് അടച്ചിട്ടിരുന്ന ക്ഷീരവികസന വകുപ്പിന്റെ പരിശോധനാ കേന്ദ്രം കഴിഞ്ഞ മാസം 29 മുതലാണ് പ്രവർത്തന സജ്ജമായത്. ഓണദിനങ്ങൾ അടുത്തതോടെ ചെക്ക് പോസ്റ്റിൽ മുഴുവൻ സമയ പരിശോധന നടന്നുവരികയാണ്.
ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മിഷണർ ദിലീപിന്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘവും ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ടാങ്കറുകൾ ഉൾപ്പെടെ പത്തോളം വാഹനങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
പായ്ക്കറ്റ് വസ്തുക്കളിൽ തൂക്കക്കുറവ്
പായ്ക്ക് ചെയ്തുവരുന്ന പല സാധനങ്ങളിലും തൂക്കത്തിൽ കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ ഇനം മസാലപ്പൊടികൾ, അരിപ്പൊടി, തേയില, പഞ്ചസാര, ശർക്കര, എണ്ണകൾ എന്നിവയുടെ പായ്ക്കറ്റുകളിലാണ് 50 മുതൽ 100 ഗ്രാം വരെ കുറവ് കണ്ടെത്തിയത്. ബ്രാൻഡഡ് ഉത്പന്നങ്ങൾ മുതൽ ചെറുകിട വ്യവസായ യൂണിറ്റുകളിൽ നിന്ന് പായ്ക്ക് ചെയ്തുവരുന്ന സാധനങ്ങളിൽ വരെ തൂക്കത്തിൽ കുറവുണ്ടായിട്ടുണ്ട്. ഇക്കാര്യം ജില്ലാ കളക്ടർമാരെയും ലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ട്.
പരിശോധനാ വിവരം
ഓണക്കാല പരിശോധനകൾ: 1,270
സാമ്പിളുകളുടെ എണ്ണം: 5,639
പിഴ: 1,21,000
പരാതികൾ അറിയിക്കാം
ടോൾ ഫ്രീ നമ്പർ: 18004251125
ഇ - മെയിൽ: dfikollam@gmail.com
''
ടാങ്കറുകളിൽ നടത്തിയ പരിശോധനയിൽ കാര്യമായ നിലയിൽ മായമോ രാസവസ്തുക്കളോ കലർത്തിയതായി തെളിഞ്ഞിട്ടില്ല.
സൂസൻ, ക്ഷീരവികസന വകുപ്പ്
ക്വാളിറ്റി കൺട്രോളർ