cashew

കൊല്ലം: കശുഅണ്ടി വ്യവസായ മേഖലയിലെ ബോണസ് പ്രഖ്യാപനത്തിൽ സർക്കാർ ഏകപക്ഷീയവും നീതി രഹിതവുമായി തിരുമാനമെടുത്തെന്നും ഇത് റദ്ദാക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ കശുഅണ്ടി മുതലാളിമാരുടെ കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ സ്വകാര്യമേഖലയിലെ ബോണസ് വിതരണം കീറാമുട്ടിയാകും.
ഫെഡറേഷൻ ഒഫ് കാഷ്യു പ്രൊസസേഴ്‌സ് ആൻഡ് എക്‌സ്പോർട്ടേഴ്‌സ്, കാഷ്യു മാനുഫാക്ചറേഴ്‌സ് ഗിൽഡ്, കൊല്ലം കാഷ്യു മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ, ഫെഡറേഷൻ ഒഫ് ഇന്ത്യൻ കാഷ്യു ഇൻഡസ്ട്രി എന്നീ സംഘടനകളുടെ സംയുക്ത സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കൊവിഡ് കാലഘട്ടമാണെങ്കിലും 20 ശതമാനം ബോണസ് നൽകണമെന്നാണ് സർക്കാർ തീരുമാനം. എന്നാലിത് സ്വകാര്യമേഖയിൽ നൽകാനാവില്ലെന്നും വലിയ പ്രതിസന്ധിയുള്ളതിനാൽ ഇളവ് വേണമെന്നും മുതലാളിമാർ ആവശ്യപ്പെട്ടെങ്കിലും സർക്കാർ അനുവദിച്ചില്ല.

സ്വകാര്യമുതലാളിമാരുടെ സാന്നിദ്ധ്യമില്ലാതിരുന്നിട്ടും സർക്കാർ ബോണസ് തീരുമാനം പ്രഖ്യാപിക്കുകയും എഗ്രിമെന്റ് നിലവിൽവന്നതായി അറിയിക്കുകയുമായിരുന്നു. ഇതിനെതിരെയാണ് സ്വകാര്യ മുതലാളിമാർ ഹൈക്കോടതിയെ സമീപിച്ചത്. 20 ശതമാനം ബോണസ് എന്നുള്ളത് ചെയ്ത ജോലിയുടെ 20 ശതമാനം എന്നാക്കണമെന്നാണ് സ്വകാര്യ മുതലാളിമാർ ആവശ്യപ്പെടുന്നത്.

കശുഅണ്ടി ഫാക്ടറികൾ

സ്വകാര്യ മേഖലയിൽ: 823

ഇപ്പോൾ പ്രവർത്തിക്കുന്നത്: 150

ജപ്തി നേരിടുന്നത്: 200 ഓളം

തൊഴിലാളികൾ: 48,000 (ഏകദേശം)

ചെയ്ത ജോലിക്ക് ബോണസ് നൽകാം


മുതലാളിമാർ പറയുന്ന വിധത്തിലാണെങ്കിൽ സ്വകാര്യ ഫാക്ടറികളിൽ 4000 നും 6000 നുമിടയിൽ മാത്രമേ ബോണസ് ലഭിക്കൂ. അഡ്വാൻസ് ബോണസ് ബോണസ് ആക്ടിന് വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ചെയ്ത ജോലിയുടെ കണക്കിൽ ബോണസ് നൽകാൻ തയ്യാറെടുക്കുകയാണ് സ്വകാര്യമുതലാളിമാർ. ഇത് അതാത് ഫാക്ടറികളുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാകും ചെയ്യുക. വെല്ലുവിളിച്ചുള്ള നടപടി ഏതറ്റം വരെ പോകുമെന്നാണ് സർക്കാർ വീക്ഷിക്കുന്നത്. സർക്കാർ തീരുമാനം നടപ്പാക്കിയില്ലെങ്കിൽ സ്വകാര്യ ഫാക്ടറി ഉടമകൾക്കെതിരെ നിയമ നടപടികളിലേയ്ക്ക് നീങ്ങുമെന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്.