onam

 മാർഗനിർദേശങ്ങളുമായി പൊലീസ്

കൊല്ലം: ഒരാണ്ടിന്റെ കാത്തിരിപ്പിനൊടുവിലെത്തിയ ഓണമാണെങ്കിലും ആഘോഷങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഓണനാളുകളിൽ എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്ന് വ്യക്തമാക്കുന്ന നിർദേശങ്ങൾ കൊല്ലം റൂറൽ പൊലീസാണ് ആദ്യം പുറത്തിറക്കിയത്. സമാനമായ മുൻ കരുതൽ നിർദേശങ്ങളാണ് കൊല്ലം സിറ്റി പൊലീസും ജനങ്ങൾക്ക് നൽകുന്നത്. ആരിൽ നിന്നും കൊവിഡ് പടരാമെന്ന നിലയിലേക്ക് സാഹചര്യങ്ങൾ മാറിയതിനാൽ ബന്ധുക്കളുടെ കൂട്ടായ്മ, കുടുംബ സംഗമങ്ങൾ, സുഹൃത്ത് സമ്മേളനങ്ങൾ, കലാ - കായിക പരിപാടികൾ എന്നിവ ഒഴിവാക്കാനാണ് പൊലീസ് നിർദേശം. വ്യാപാര കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ കൂടുതൽ മുൻകരുതൽ വേണമെന്ന് ആരോഗ്യ വകുപ്പും പറയുന്നു. നിർദേശങ്ങൾ അവഗണിച്ചാൽ നിയമനടപടി നേരിടേണ്ടിവരും. അണു കുടുംബങ്ങളാണെങ്കിലും വീടിനുള്ളിൽ പ്രിയപ്പെട്ടവർക്കൊപ്പം ഓണദിനങ്ങൾ പൂർണമായി ചെലവഴിക്കാൻ ലഭിച്ച അവസരമായി കാണണമെന്നാണ് സർക്കാർ സംവിധാനങ്ങളുടെ നിർദേശം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ഓണദിനങ്ങളിൽ കലാ - കായിക പരിപാടികളും ആഘോഷങ്ങളും അനുവദിക്കില്ല

2. അംഗീകൃത മത്സ്യ മാർക്കറ്റുകൾ പൊലീസിന്റെ മാർക്കറ്റ് എൻഫോഴ്‌സ്‌മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കണം

3. തദ്ദേശ സ്ഥാപനങ്ങൾ അനുവദിക്കുന്നിടത്ത് മാത്രമേ വഴിയോര കച്ചവടം പാടുള്ളൂ. വീടുകൾ കയറിയിറങ്ങിയുള്ള കച്ചവടം അനുവദിക്കില്ല

4. ജില്ലയിൽ നിന്ന് പിടിച്ചതും ഫിഷറീസ് വകുപ്പിന്റെ സർട്ടിഫിക്കറ്റ് ഉള്ളതുമായ മത്സ്യം മാത്രമേ വിൽക്കാവൂ

5. താത്കാലിക - സ്ഥിരം വിപണികൾ തദ്ദേശ സ്ഥാപനങ്ങളുടെ നിർദേശം പാലിക്കണം. ആൾക്കൂട്ടം പാടില്ല

6. കച്ചവട സ്ഥാപനങ്ങളും വസ്ത്രശാലകളും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ മാത്രം. സ്ഥാപനത്തിന് പുറത്ത് ഉപഭോക്താക്കൾക്ക് കാത്തുനിൽപ്പിന് സ്ഥലം അടയാളപ്പെടുത്തണം. ഇതിനായി ഒരു ജീവനക്കാരനെ നിയോഗിക്കണം

7. കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ പാടുള്ളൂ. നിയന്ത്രണം ലംഘിച്ചാൽ കട ഉടമയുടെ പേരിൽ കേസെടുക്കും

8. ഹോട്ടലുകളിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ഭക്ഷണം വിളമ്പാം. വൈകിട്ട് 7 മുതൽ 9 വരെ പാഴ്‌സൽ സർവീസ്, 9 മുതൽ 10 വരെ ഹോം ഡെലിവറി

9. ചതയ ദിനത്തിൽ ഘോഷയാത്രകളും പൊതു പരിപാടികളും പാടില്ല

10. ട്രാഫിക് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കും

11. വിവാഹത്തിൽ വധൂ വരന്മാരുടെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, വീഡിയോ - ഫോട്ടോഗ്രാഫർ, കാറ്ററിംഗ് ജോലിക്കാർ ഉൾപ്പടെ അമ്പതിലധികം ആളുകളെ അനുവദിക്കില്ല

12. ഓണാഘോഷങ്ങൾ വീടുകളിൽ തന്നെ ഒതുക്കണം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശിക്കരുത്

''

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മുന്നോട്ട് പോകാനാകില്ല. നിയമ ലംഘകർക്കെതിരെ കർശന നടപടി.

എസ്. ഹരിശങ്കർ,

കൊല്ലം റൂറൽ പൊലീസ് മേധാവി

''

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി. ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല.

ടി. നാരായണൻ,

കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ