rain

മഴയുടെ ശബ്ദം മഴയുടെ സംഗീതമാണെന്ന് പറയുന്നവരുണ്ട്. എന്നാൽ, ജർമൻ നഗരമായ ഡ്രെസ്ഡനിൽ മഴ പെയ്യുമ്പോൾ സംഗീതം നിറയുന്ന ഒരു കെട്ടിടമുണ്ട്. ഡ്രെസ്ഡനിലെ തെരുവോരങ്ങളിലൂടെ നടക്കുമ്പോൾ ആരെയും ആത്ഭുതപ്പെടുത്തും ഈ മഴ സംഗീത കെട്ടിടം. പേരുപോലെതന്നെ, മഴ പെയ്യുമ്പോൾ ഈ കെട്ടിടത്തിൽ നിന്നും സംഗീതമുയരുന്നു. മനോഹരമായ ഒരു സംഗീത ഉപകരണം എന്നു വേണമെങ്കിലും ഈ ബഹുനില കെട്ടിടത്തെ വിശേഷിപ്പിക്കാം. കലയുടെ നടുമുറ്റം എന്ന് അറിയപ്പെടുന്ന അഞ്ച് മുറ്റങ്ങൾ ഉണ്ട് ഇവിടെ. ആ തെരുവിൽ താമസിക്കുന്ന കലാകാരന്മാർ ഈ അഞ്ച് മുറ്റങ്ങൾക്കും ഒരു തീം ഉണ്ടാക്കി.

ശിൽപിയായ ആനെറ്റ് പോളും ഡിസൈനർമാരായ ക്രിസ്‌റ്റോഫ് റോസ്‌നറും, ആൻഡ്രെ ടെമ്പലും ചേർന്നാണ് കൗതുകം നിറഞ്ഞ ഈ കെട്ടിടം നിർമിച്ചത്. റൂബ് ഡോൾഡ്‌ബെർഗ് മെഷീനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ശിൽപികൾ ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ലളിതമായ ഒരു ജോലി മനഃപൂർവം സങ്കീർണമായ രീതിയിൽ നിർവഹിക്കുന്ന യന്ത്രമാതൃകയാണ് റൂബ് ഡോൾഡ്‌ബെർഗ് മെഷീൻ. അക്യൂസ്റ്റിക് ഡിസൈൻ ഉപയോഗിച്ച് പൈപ്പുകൾ, ഫണലുകൾ എന്നിവയുടെ ഒരു സങ്കീർണ ശൃംഖല തീർത്തിട്ടുണ്ട് കെട്ടിടത്തിൽ.1999ലാണ് ഈ മഴയുടെ സംഗീതം നിറയുന്ന കെട്ടിടം നിർമ്മിച്ചത്. നിരവധി വിനോദ സഞ്ചാരികൾ മഴ പെയ്യുമ്പോൾ സംഗീതം പൊഴിയ്ക്കുന്ന ഈ കെട്ടിടം കാണാനുമെത്താറുണ്ട്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ താമസിക്കുന്ന കാലത്ത് മഴ തന്റെ വീടിന്റെ ജനാലകളിൽ തീർക്കാറുള്ള 'സംഗീത'ത്തിൽ നിന്ന് പ്രചോദനമുൾകൊണ്ടുകൊണ്ടാണ് ഈ ആശയം ജനിച്ചതെന്ന് ആനെറ്റ് പറയുന്നു.