കാഴ്ച ബംഗ്ലാവിലെ കൂട്ടിൽ കഴിയുന്ന മൃഗങ്ങളെ അടുത്തുനിന്നെപോലെ കണ്ട് ശീലിച്ചവരാണ് നമ്മൾ. എന്നാൽ, ചൈനയിലെ ലെഹെ ലെഡു വന്യമൃഗശാലയുടെ കാര്യം അങ്ങനെയല്ല. ഇവിടെ കൂട്ടിൽ മനുഷ്യരും പുറത്തു വിഹരിക്കുന്നത് മൃഗങ്ങളുമാണ്. വാഹനങ്ങളിൽ ഘടിപ്പിച്ച അഴിയടച്ച കൂട്ടിലാണ് സന്ദർശകർക്ക് സ്ഥാനം. വാഹനം കാഴ്ചബംഗ്ളാവിലൂടെ ഓടുമ്പോൾ പുറത്ത് വിഹരിക്കുന്ന മൃഗങ്ങളെ വ്യക്തമായി കാണാം. 'വാഹനക്കൂട്ടിൽ' നിന്ന് പുറത്തിറങ്ങാൻ സന്ദർശകർക്ക് അനുവാദമില്ല. ഇടയ്ക്കിടെ വാഹനം നിറുത്തുമ്പോൾ സിംഹവും പുലിയുമെല്ലാം ഓടിയെത്തും. വാഹനത്തെ വളയും. അപ്പോൾ കൂട്ടിനുള്ളിലിരുന്ന് സന്ദർശകർക്ക് കൂളായി അവരെ കാണാം.
മറ്റ് മൃഗശാലകളിൽ നിന്ന് വ്യത്യസ്തമായി മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനും ഇവിടെ എതിർപ്പില്ല. ഒരു ട്രക്കിന്റെ പുറകിലായി ഘടിപ്പിക്കുന്ന കൂട്ടിലാണ് സന്ദർശകർ കയറേണ്ടത്. മൃഗങ്ങളെ അടുത്തുവരാൻ പ്രോത്സാഹിപ്പിക്കുന്നതിനായി മാംസം കൂടിന്റെ വശങ്ങളിൽ തൂക്കിയിട്ടിരിക്കും. മൃഗങ്ങൾ മനുഷ്യരെ ആക്രമിക്കാൻ പോകുന്നതിന്റെ ആവേശം സന്ദർശകർക്ക് ലഭിക്കും, എല്ലാ സുരക്ഷിതത്തോടെയും. അതിഥികൾക്ക് കൂട്ടിന് പുറത്തേക്ക് വിരലുകളും കൈകളും ഇടാൻ അനുവാദം ഇല്ല.
ഏതായാലും സംഗതി വൻവിജയമാണ്. മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനിടെ പലർക്കും അവരുടെ കൈക്കും കാലിനും പരിക്ക് പറ്റിയിട്ടുണ്ട്, ചിലർക്ക് വിരൽ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. അപകടങ്ങൾ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും ഓരോ ദിവസവും ഇവിടേയ്ക്കുള്ള സന്ദർശകരുടെ എണ്ണം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല.പ്രദർശനം കഴിഞ്ഞാലും മൃഗങ്ങളെ കൂട്ടിലാക്കുന്ന പരിപാടിയൊന്നും ഇവിടെയില്ല.
2015 ലാണ് ലെഹെ ലെഡു മൃഗശാല പ്രവർത്തനമാരംഭിച്ചത്. കാഴ്ചക്കാർക്ക് വാഹനത്തിന്റെ സഹായത്തോടെ മൃഗശാലക്കുള്ളിൽ കറങ്ങാൻ സാധിക്കുന്ന അപൂർവം മൃഗശാലകളിലൊന്നാണ് ലെഹെ ലെഡു. ചൈനയിലെ ചോങ്കിംഗ് സിറ്റിയിലാണിത് സ്ഥിതിചെയ്യുന്നത്. സന്ദർശകർക്ക് ത്രില്ലിംഗായ അനുഭവങ്ങൾ സമ്മാനിക്കണമെന്ന ഉദ്ദേശമാണ് ഇതിന് പിറകിലെന്ന് മൃഗശാല അധികൃതർ പറയുന്നു. സുരക്ഷിതത്വം ഉറപ്പിക്കുന്നതിനായി നിരവധി നിർദേശങ്ങളും യാത്രക്കാർക്കായി മൃഗശാല അധികൃതർ മുന്നോട്ട് വച്ചിട്ടുണ്ട്. അതിലൊന്നാണ് കൈകാലുകൾ വലക്കൂടിന് അരികത്ത് വയ്ക്കരുത് എന്ന നിർദേശം. വിശന്നു നിൽക്കുന്ന കടുവകൾക്കു നിങ്ങളുടെ വിരലുകളും ഭക്ഷണവും വേർതിരിക്കാൻ സമയം കിട്ടിയെന്നു വരില്ലെന്ന് മൃഗശാല അധികൃതർ കാഴ്ചക്കാരെ ഓർമിപ്പിക്കുന്നു.