കരുനാഗപ്പള്ളി: കുലശേഖരപുരത്തിന്റെ ഗ്രാമപ്രദേശങ്ങളിൽ വർഷകാലത്ത് പോലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതിന് കാരണം ടാങ്കിൽ ജലവിതരണം നടത്തി കൊള്ളലാഭം കൊയ്യുന്ന കോൺട്രാക്ടർമാരും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും പഞ്ചായത്ത് ഭരണകൂടവും ചേർന്ന് നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുലശേഖരപുരത്ത് പമ്പ് ഹൗസുകളിൽ ചിലത് മാത്രമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്. കാലവർഷമായതിനാൽ പമ്പ് ഹൗസുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നുള്ള വാട്ടർ അതോറിട്ടിയുടെ വാദം നിലനിൽക്കുന്നതല്ല.
ഒത്തുകളിക്കുന്നു
പ്രദേശത്തെ പമ്പ് ഹൗസുകളിൽ ഒരെണ്ണമെങ്കിലും പ്രവർത്തനക്ഷമമാണെങ്കിൽ ആലുംകടവ് മുതൽ ആലുംപീടിക വരെ ഒരേ വ്യാസത്തിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈനുകളിൽ വർഷകാലത്ത് സാധാരണഗതിയിൽ വെള്ളം ലഭ്യമാകേണ്ടതാണ്. എന്നാൽ വെള്ള വിതരണം നടത്തുന്ന കോൺട്രാക്ടർമാരെ സഹായിക്കാൻ പ്രദേശങ്ങളിലേക്കുള്ള പൈപ്പ്ലൈനിന്റെ വാൽവുകൾ പൂർണമായോ ഭാഗീകമായോ അടച്ചും പമ്പിംഗ് സമയം കുറച്ചുകൊണ്ടും കോൺട്രാക്ടർമാരെ മലിനജലം വിതരണം ചെയ്ത് കൊള്ളലാഭം എടുക്കുന്നതിന് വേണ്ടി വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ഒത്തുകളിക്കുകയാണ്.
ശക്തമായ സമരപരിപാടികൾ
പ്രദേശത്ത് അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ കുലശേഖരപുരം പഞ്ചായത്ത് ഓഫീസിന് മുന്നിലും വാട്ടർ അതോറിട്ടിക്ക് മുന്നിലും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ആദിനാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ.എം.നൗഷാദ്, അശോകൻകുറുങ്ങപ്പള്ളി, ആർ.സുരേഷ്ബാബു എന്നിവർ അറിയിച്ചു.