■കുരാ വയനാശാലാ കെട്ടിടം തകർച്ചയുടെ വക്കിൽ
പത്തനാപുരം: നാടിന് അക്ഷരവെളിച്ചമേകിയ തലവൂർ കുരായിലെ വായനശാലാ കെട്ടിടം തകർച്ചയുടെ വക്കിലാണ്. കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലായ കെട്ടിടം പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുരാ എന്ന കൊച്ചു ഗ്രാമത്തിന്റെ സാംസ്‌കാരിക പുരോഗതി ലക്ഷ്യമാക്കി 1954 ൽ ആരംഭിച്ചതാണ് 'സ്വരാജ്' എന്ന വായനശാല. അമൂല്യമായ ഗ്രന്ഥങ്ങൾ അടങ്ങിയ ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നു.
അപകടഭീഷണിയായി ആൽമരവും
ഗ്രന്ഥശാലയും, വായനശാലയും അടങ്ങുന്ന കോൺക്രീറ്റും ഓടും മേഞ്ഞ കെട്ടിടമാണ് ശോച്യാവസ്ഥയിലുള്ളത്. ഇതിനുള്ളിലെ കസേര, മേശ, അലമാരകൾ, റാക്കുകൾ തുടങ്ങിയവയെല്ലാം പഴകി ദ്രവിച്ച നിലയിലാണ്. സമീപത്തായുളള ആൽമരം അപകട ഭീഷണി ഉയർത്തുന്നുണ്ട്. പുറംമ്പോക്കിൽ നിൽക്കുന്ന വർഷങ്ങൾ പഴക്കമുളള ആൽമരത്തിന്റെ ചില്ലകൾ കാറ്റിൽ ഒടിഞ്ഞു വീഴുന്നതും പതിവാണ്. വായനശാലാ കെട്ടിടം പുനർനിർമ്മിക്കുന്നതിനൊപ്പം അപകട ഭീഷണിയായി മാറിയ ആൽമരം മുറിച്ച് മാറ്റണമെന്ന ആവശ്യവും ശക്തമാണ്.
അടിയന്തരമായി ഇടപെടണം
ഒരു ഗ്രാമത്തെയാകെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതിനായി 66 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചതായിരുന്നു കുരായിലെ വായനശാലാ കെട്ടിടം. ക്രമേണ ഈ പ്രദേശത്തിന് വായനശാലാ ജംഗ്ഷനെന്ന പേരും പിറവിയെടുത്തു. ആയിരത്തോളം അംഗങ്ങളാണ് ഇവിടെയുള്ളത്.നാടിന്റെ അക്ഷരവെളിച്ചം അണയതിരാക്കാൻ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.