കൊല്ലം: തീരങ്ങളിൽ ചരിവ് മത്സ്യങ്ങളുടെ ചാകര. അയല, ആവോലി, താട, പരവ തുടങ്ങിയ മത്സ്യങ്ങളാണ് വൻതോതിൽ വള്ളക്കാരുടെയും ബോട്ടുകളുടെയും വലയിൽ കുരുങ്ങുന്നത്. കിളിമീനും മോശമല്ലാത്ത നിലയിൽ കിട്ടുന്നുണ്ട്. പക്ഷെ ചാളയും മത്തിയും വലയിൽ കൊരുത്തിട്ട് മാസങ്ങൾ പിന്നിടുന്നു.
സാധാരണ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ചരിവ് മത്സ്യങ്ങളാണ് (വെള്ള നിറമുള്ള) പതിവായി കിട്ടുന്നത്. കടൽ എത്ര കലങ്ങി മറിഞ്ഞാലും ചരിവ് മത്സ്യങ്ങൾ തീരത്തോട് അടുത്തെത്തും. കിളിമീനും ചെമ്പല്ലിയും വലയിൽ കുരുങ്ങുന്ന കാലവുമാണിത്. എന്നാൽ അയലയും ആവോലിയുമാണ് ഇത്തവണ കൂടുതൽ ലഭിക്കുന്നത്. ഇടത്തരം അയല കിലോയ്ക്ക് 100 രൂപയാണ് കൊല്ലം തീരത്ത് നിശ്ചയിച്ചിരിക്കുന്ന ന്യായ വില. അയല വൻതോതിൽ എത്തിയതോടെ വില 80ലേക്ക് താഴ്ന്നു. ആവോലിയുടെ സ്ഥിതിയും സമാനമാണ്. ഒന്നരമാസം മുൻപ് ഹാർബർ അടയ്ക്കുമ്പോഴെ ആവോലി കിട്ടിത്തുടങ്ങിയിരുന്നു. അന്ന് കിലോയ്ക്ക് 350 രൂപയായിരുന്നു വില. പക്ഷെ ഇപ്പോൾ 250ലേക്ക് താഴ്ന്നു.
ചാളയ്ക്കും മത്തിക്കും കാക്കണം
ചാളയ്ക്കും മത്തിക്കും ഇനിയും ഒന്നരമാസമെങ്കിലും കാത്തിരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കടൽക്ഷോഭം കഴിഞ്ഞ് കലങ്ങിമറിഞ്ഞ് നിൽക്കുന്ന തീരത്ത് ചാളയും മത്തിയും അടുക്കില്ല. നവംബർ, ഡിസംബർ മാസങ്ങളാണ് മത്തിയുടെയും ചാളയുടെയും ചാകരക്കാലം. ബോട്ടുകൾക്കും മോശമല്ലാത്ത കോള് ലഭിക്കുന്നുണ്ട്. കഴന്തനും കണവയും നാരനും പ്രതീക്ഷയേക്കാൾ നിറച്ചാണ് ഓരോ ബോട്ടും മടങ്ങിയെത്തുന്നത്. ലോക്ക് ഡൗണിന് ശേഷം വീണ്ടും ഒരുമാസത്തിലേറെ കടൽ ശാന്തമായി കിടന്നതാണ് മത്സ്യലഭ്യതയ്ക്ക് കാരണമായി മത്സ്യത്തൊഴിലാളികൾ പറയുന്നത്.