മോഷ്ടാക്കൾ അകത്തുകടന്നത് വാതിൽ തീവച്ച് തകർത്ത്
ചാത്തന്നൂർ: ഗ്യാസ് ഏജൻസിയുടെ വാതിൽ തീവച്ച് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ പണവും സി.സി.ടി.വി ഹാർഡ് ഡിസ്കും കവർന്നു. ചാത്തന്നൂർ ജംഗ്ഷനിലെ മോഹൻ ഗ്യാസ് ഏജൻസിയുടെ ഓഫീസിലാണ് കഴിഞ്ഞദിവസം രാത്രിയോടെ മോഷണം നടന്നത്.
ഓഫീസ് കെട്ടിടത്തിന് മുൻവശത്തുള്ള ഗോഡൗണിന്റ പൂട്ട് തകർത്ത് അവിടെയുണ്ടായിരുന്ന അഞ്ച് കിലോയുള്ള ചെറിയ ഗ്യാസ് സിലിണ്ടർ എടുത്താണ് പ്രധാന വാതിലിന് തീവച്ചത്. തുടർന്ന് ജാക്കി ലിവർ ഉപയോഗിച്ച് പൂട്ട് തകർക്കുകയായിരുന്നു. ജനാലച്ചില്ല് തകർത്ത് കമ്പികൾ വളയ്ക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. ലോക്കർ തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മേശകളുടെ പൂട്ട് തകർത്ത് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു.
രാവിലെ അഞ്ച് മണിയോടെ സ്ഥാപനത്തിൽ എത്തിയ ജീവനക്കാരാണ് വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് ഉടമയെയും പൊലീസിനെയും വിവരമറിയിച്ചത്. കെട്ടിടത്തിന്റ നാല് വശങ്ങളിലായി സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകൾ ദിശ മാറ്റിവച്ച നിലയിലാണ്. തെളിവ് നശിപ്പിക്കുന്നതിനായാണ് സി.സി.ടി.വി ഹാർഡ് ഡിസ്ക് കവർന്നതെന്ന് കരുതുന്നു.
മോഷ്ടാക്കൾ ഓഫീസിന്റെ മുൻവശത്ത് ഇരുന്ന് മദ്യപിക്കുകയും ആഹാരം കഴിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഭക്ഷണത്തിന്റെ ബാക്കി മേശപ്പുറത്ത് ഉപേക്ഷിച്ച നിലയിലാണ്. ചാത്തന്നൂർ എസ്.എച്ച്.ഒ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ചാത്തന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.