തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ ഇന്നലെയുണ്ടായ തീപിടിത്തത്തെപ്പറ്റി പഴുതടച്ച അന്വേഷണത്തിന് പൊലീസ്. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിൽ സ്പെഷ്യൽ സെൽ എസ്.പി അജിത്തിന്റെ നേതൃത്വത്തിൽ ഫോറൻസിക് വിഭാഗവും ഫിംഗർ പ്രിന്റും പ്രോട്ടോക്കോൾ ഓഫീസിൽ തെളിവെടുപ്പ് ആരംഭിച്ചു. തീപിടിത്തത്തിന് പിന്നിൽ മനുഷ്യകരങ്ങളുണ്ടോയെന്ന് കണ്ടെത്തുകയാണ് പൊലീസ് അന്വേഷണത്തിന്റെ ലക്ഷ്യം. ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സെക്രട്ടേറിയറ്റ് തീപിടിത്തം അന്വേഷിക്കുന്നത്. ഐ.ജി പി. വിജയനും പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിനോട് ചേർന്നുള്ള നോർത്ത് സാന്റ്‌വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിൽ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറുടെയും മറ്റും ഓഫീസുളള പൊതുഭരണ വകുപ്പ് (ജിഎഡി) പൊളിറ്റിക്കൽ വിഭാഗത്തിൽ ഇന്നലെ വൈകിട്ട് 4.45 നായിരുന്നു തീപിടിത്തം. 5 കെട്ട് ഫയലുകളും ഉപകരണങ്ങളും കത്തിയെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ അട്ടിമറി സാദ്ധ്യതകളുൾപ്പെടെയുള്ള വിഷയങ്ങൾ അന്വേഷണ പരിധിയിൽ വരും.
സംഭവത്തിൽ രണ്ട് അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
പ്രോട്ടോക്കോൾ ഓഫീസിലെ ഇലക്ട്രിക്ക് വയറിംഗുള്ള ഭാഗത്തെ ഭിത്തിയിൽ നിന്നാണ് തീയുടെ തുടക്കമെന്നാണ് പ്രാഥമിക നിഗമനം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും പരിശോധനയിലേ ഇത് വ്യക്തമാകൂ.
ദുരന്ത നിവാരണ കമ്മിഷണർ ഡോ. കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് പ്രത്യേകം പ്രത്യേകമായി സംഭവം അന്വേഷിക്കുക.
തീപിടിത്തത്തിന്റെ കാരണം, നഷ്ടത്തിന്റെ കണക്ക്, സ്വീകരിക്കണ്ട മുൻകരുതൽ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളാണ് വിഷയത്തിൽ അന്വേഷണത്തിന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. തീപിടിത്തത്തിൽ നഷ്ടപ്പെട്ട ഫയലുകൾ ഏതൊക്കെയെന്ന് കണ്ടെത്തേണ്ട ചുമതല അന്വേഷണ സംഘത്തിനാണ്.
സ്വർണക്കടത്ത്, മതഗ്രന്ഥ വിവാദം എന്നിവയുമായി ബന്ധപ്പെട്ട നിർണായക രേഖകൾ സെക്രട്ടേറിയറ്റിലെ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസിലാണ് സൂക്ഷിക്കുന്നത്. വിദേശ കോൺസുലേറ്റുകൾക്ക് നയതന്ത്ര ബാഗേജ് വഴി സാധനങ്ങൾ കൊണ്ടു വരുന്നതിന് അനുമതി നൽകുന്ന രേഖകൾ ഈ ഓഫീസിലുണ്ട്. ഫയലുകൾ ഓൺലൈൻ ആക്കിയെങ്കിലും പ്രോട്ടോക്കോൾ വിഭാഗത്തിന്റെ പല ഫയലുകളും ഇപ്പോഴും കടലാസിലാണ്. ഇവ എൻ.ഐ.എ പരിശോധിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യാൻ സാദ്ധ്യത നിലനിൽക്കെ തീപിടിത്തമുണ്ടായതാണ് സംശയങ്ങൾക്ക് ഇടയാക്കുന്നത്. സംഭവം അന്വേഷിക്കാൻ ദുരന്തനിവാരണ വകുപ്പ് കമ്മിഷണർ എ.കൗശികനെ സർക്കാർ ചുമതലപ്പെടുത്തി. കൗശികന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.