kula
ശാസ്താംകോട്ടയിലെ വി.എഫ്.പി.സി.കെ വിപണിയിൽ കർഷകരെത്തിച്ച വിവിധയിനം വാഴക്കുലകൾ

 കൃഷിയിടങ്ങൾ ഓണവിപണന കേന്ദ്രങ്ങൾ

കൊല്ലം: ഗ്രാമങ്ങളിലെ കൃഷിയിടങ്ങൾ ഓണ വിപണന കേന്ദ്രങ്ങളായി മാറുന്നു. നേന്ത്രക്കായ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ കൃഷിയിടത്തിൽ നേരിട്ടെത്തി വാങ്ങുന്ന ഉപഭോക്താക്കളും വർദ്ധിച്ചു. ഇതോടെ ഉപഭോക്താവിന് ഇഷ്ടപ്പെടുന്ന ഉത്പന്നം ലഭ്യമായിത്തുടങ്ങി.

ഇതോടൊപ്പം കർഷകരുടെ നാടൻ വിപണികളും സജീവമാണ്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ (വി.എഫ്.പി.സി.കെ) വിപണികളിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ ഉത്പന്നങ്ങൾ കർഷകർ എത്തിക്കുന്നുണ്ട്. ഉത്പന്നങ്ങളുടെ മേൻമ അനുസരിച്ച് മുടക്ക് മുതലിന് ആനുപാതികമായ ലാഭം കർഷകർക്ക് നൽകാൻ വി.എഫ്.പി.സി.കെ വിപണികൾക്കായി.

നേരിട്ട് വിപണി കണ്ടെത്തുമ്പോൾ കൂടുതൽ നേട്ടമുണ്ടാകുമെന്നതിനാൽ അത്തരത്തിൽ ശ്രമിക്കുന്ന കർഷകരും ധാരാളമാണ്. ഉത്പാദനം വർദ്ധിച്ചതോടെ ഇഞ്ചി വിലയിൽ ഇടിവുണ്ടായി. ഓണ വിപണിയിലേക്ക് കൂടുതൽ നാടൻ ഇഞ്ചിയെത്തിയിരുന്നു. ഉത്രാടം വരെയുള്ള ദിനങ്ങളിൽ ഏതെങ്കിലും ഉത്പന്നത്തിന്റെ ലഭ്യത കുറഞ്ഞാൽ വില കൂടിയേക്കാം.

വി.എഫ്.പി.സി.കെ വിപണിയിൽ കർഷകർക്ക് ലഭിച്ച വില

നേന്ത്രക്കായ: 55 - 65 രൂപ

ചേമ്പ്: 55 - 70

കാച്ചിൽ: 65 - 75

ഇഞ്ചി: 150 - 185

ചേന: 20 -22

നന കിഴങ്ങ്: 40- 50

പച്ചമുളക്: 200

കാന്താരി: 300 - 400

ഉണ്ട മുളക്: 200- 250

മത്തൻ: 40

കപ്പ കുല: 50 - 52

പൂവൻ കുല: 50- 55

റോബസ്റ്റ കുല: 15- 20

വിപണി വില (നാടൻ, കിലോ ഗ്രാമിന്)

നേന്ത്രക്കായ: 65 - 80

ചേമ്പ്: 65 - 80

കാച്ചിൽ: 75 - 85

ഇഞ്ചി: 160 - 200

ചേന: 28- 32

മത്തൻ: 45

പച്ചമുളക്: 250

കാന്താരി: 500

(പ്രദേശത്തിന് അനുസരിച്ച് മാറ്റമുണ്ടാകാം)

ഹോർട്ടി കോർപ്പ് ഓണച്ചന്തകൾ ഇന്ന് മുതൽ

പൊതുവിപണി വിലയിൽ നിന്ന് 30 ശതമാനം വരെ വില കുറച്ച് പച്ചക്കറി നൽകാൻ ഹോർട്ടി കോർപ്പിന്റെ ഓണച്ചന്തകൾ ഇന്ന് തുറക്കും. ഹോർട്ടികോർപ്പിന്റെ വിപണന കേന്ദ്രങ്ങൾ, ഫ്രാഞ്ചൈസി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിലക്കുറവിൽ പച്ചക്കറി വാങ്ങാം. ചന്തകൾ 30ന് സമാപിക്കും. ഇതിനായി വിപുലമായ സംഭരണമാണ് ഹോർട്ടികോർപ്പ് നടത്തുന്നത്.

വി.എഫ്.പി.സി.കെ വിപണികളും ഇന്ന് തുറക്കും

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രെമോഷൻ കൗൺസിൽ ജില്ലയിലെ 15 കേന്ദ്രങ്ങളിൽ ഇന്ന് മുതൽ പച്ചക്കറി വിപണി പ്രവർത്തിപ്പിക്കും. കർഷകരിൽ നിന്ന് സംഭരിക്കുന്ന ഉത്പന്നങ്ങൾ 30 ശതമാനം വിലക്കുറവിലാണ് ജനങ്ങൾക്ക് നൽകുക. കൊട്ടാരക്കരയിലും കൊല്ലത്തും തളിർ വിപണികൾ, വി.എഫ്.പി.സി.കെ പ്രാദേശിക വിപണികൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുക. 30ന് സമാപിക്കും.

''

ഓണത്തിന് ആവശ്യമായ കാർഷിക ഉത്പന്നങ്ങൾ വിപണിയിൽ സുലഭമാണ്. കർഷകർക്ക് ന്യായ വില നൽകാൻ സാധിക്കുന്നുണ്ട്.

സി.ബാലചന്ദ്രൻ നായർ, പ്രസിഡന്റ്,

വി.എഫ്.പി.സി.കെ, ശാസ്താംകോട്ട