സ്റ്റോക്ക് തീർന്നത് തിരിച്ചടിയായി
കൊല്ലം: സപ്ലൈകോ റേഷൻ കടകളിൽ എത്തിച്ച സ്റ്റോക്ക് തീർന്നതോടെ സർക്കാരിന്റെ ഓണക്കിറ്റ് വാങ്ങാനെത്തിയവർ നിരാശരായി മടങ്ങുന്നു. പല ഇനങ്ങളും ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാതെ കഴിഞ്ഞ ദിവസങ്ങളിൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ പായ്ക്കിംഗ് തടസപ്പെട്ടതാണ് പ്രശ്നം.
ചൊവ്വാഴ്ച മുതലാണ് മുൻഗണനേതര സബ്സിഡി വിഭാഗത്തിനുള്ള കിറ്റ് വിതരണം തുടങ്ങിയത്. ആദ്യ ദിവസം പൂജ്യത്തിൽ അവസാനിക്കുന്ന കാർഡ് നമ്പരുകാർക്കായിരുന്നു വിതരണം. കുറച്ച് കാർഡുകൾ മാത്രമായതിനാൽ കാര്യമായ പ്രശ്നം ഉണ്ടായില്ല. ഇന്നലെ ഒന്ന്, രണ്ട് അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകാർക്കാണ് വിതരണം നിശ്ചയിച്ചിരുന്നത്. പക്ഷേ ഇതിന് ആവശ്യമായ കിറ്റുകൾ പല റേഷൻകടകളിലും എത്തിച്ചിരുന്നില്ല. മുൻഗണനാ, എ.എ.വൈ വിഭാഗക്കാർ വാങ്ങാത്ത കിറ്റുകൾ മാത്രമാണ് പല കടകളിലും ഉണ്ടായിരുന്നത്. ഉപഭോക്താക്കൾ കൂട്ടത്തോടെ എത്തിയതോടെ രാവിലെ തന്നെ റേഷൻ കടകളിൽ എത്തിച്ച കിറ്റുകൾ തീർന്നു. ഉച്ചയ്ക്ക് ശേഷം ഭൂരിഭാഗം കടകളിലുമെത്തിയവർ വെറുംകൈയോടെയാണ് മടങ്ങിയത്.
സാധനങ്ങൾ എത്തിക്കാൻ വൈകി
കിറ്റിൽ ഉൾപ്പെട്ട എല്ലാ ഇനങ്ങളും സപ്ലൈകോ ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് നേരിട്ട് വാങ്ങാനായിരുന്നു ആദ്യ തീരുമാനം. പല ഇനങ്ങളും എത്താൻ വൈകിയതോടെ ഡിപ്പോ തലത്തിൽ വാങ്ങാൻ അനുമതി നൽകി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് പല ഇനങ്ങളും ഡിപ്പോകളിലെത്തിയത്. ഇന്നത്തോടെ മുൻഗണനേതര സബ്സിഡി വിഭാഗത്തിനുള്ള പായ്ക്കിംഗ് ഒരു പരിധിവരെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ഓണക്കിറ്റ് വിതരണം ഇതുവരെ
വിഭാഗം, ആകെ കാർഡ് ഉടമകൾ, കൈപ്പറ്റിയവർ
എ.എ.വൈ, 48301, 45962
മുൻഗണന, 288087, 249733
മുൻഗണനേതര സബ്സിഡി,205477, 9918
മുൻഗണനേതര സബ്സിഡി രഹിത, 209186, വിതരണം തുടങ്ങിയില്ല