upperi

കൊല്ലം: ഓണാഘോഷത്തിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമായ ഏത്തക്കായ് ഉപ്പേരിക്കും ശർക്കര പുരട്ടിക്കും ഇത്തവണ രുചി കുറഞ്ഞേക്കും. ഓണം സീസണായപ്പോഴേക്കും എത്തയ്ക്കാ വില ഉയർന്നതാണ് കാരണം. കായ് വില വർദ്ധനവ് ഉപ്പേരി വിലയെ ബാധിച്ചിട്ടില്ലെങ്കിലും ഓണം അടുക്കുന്നതോടെ വില കൂടാനാണ് സാദ്ധ്യത.

ഏത്തക്കായ്‌ കിലോയ്ക്ക് മൊത്ത വിപണിയിൽ 50 മുതൽ 55 രൂപ വരെയാണ്. ചില്ലറ വിൽപ്പനശാലകളിൽ 60 മുതൽ 65 രൂപ വരെ നൽകണം. കഴിഞ്ഞയാഴ്ചവരെ കിലോയ്ക്ക് 35 നും 40 ഇടയ്ക്ക് വിലയുണ്ടായിരുന്ന നാടൻ കായയുടെ വിലയാണ് ഓണം അടുത്തതോടെ കുതിച്ചുയർന്നത്. ഒരു കിലോ ഉപ്പേരിക്ക് 340 മുതൽ 350 വരെയാണ് വില. ശർക്കര പുരട്ടിക്ക് 330 മുതൽ 350 വരെയും.

കൊവിഡ് വിളവെടുപ്പിനെയും ചരക്കുഗതാഗതത്തെയും കാര്യമായി ബാധിച്ചതോടെ തമിഴ്നാട്ടിൽ നിന്നും വയനാട്ടിൽ നിന്നും ഏത്തക്കായ വരവ് ഗണ്യമായി കുറഞ്ഞു. നാടൻ കായക്കും പഴയ ലഭ്യതയില്ല.

എന്നിട്ടും കാര്യമായ വിലവർദ്ധനവില്ലാത്തത് ഓണവിപണി സജീവമല്ലാത്തതാണ്. പൂരാട- ഉത്രാട പാച്ചിലോടെ ഉപ്പേരി വിപണിയിൽ വില ഉയരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

ഏത്തക്കായ

മൊത്തവില (കിലോഗ്രാം): 50 - 55 രൂപ

ചില്ലറ വില: 60 - 65 രൂപ

ഉപ്പേരി: 340 - 350 രൂപ

ശർക്കര പുരട്ടി: 330 - 350 രൂപ