s

തഴവ: തഴവയിൽ തുടർ‌ച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കം പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. തഴവ മണപ്പള്ളി ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന കുതിരപ്പന്തി, മുല്ലശേരിമുക്ക്, കറുത്തേരിമുക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത്. കൊവിഡ് കാലത്ത് വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണാൻ കെ.എസ്.ഇ.ബി പരീക്ഷണാടിസ്ഥാനത്തിൽ കൊവിഡ് കൺട്രോൾ റൂമുകൾ ആരംഭിച്ച സ്ഥലത്താണ് ഈ ദുരവസ്ഥ. തഴവ പഞ്ചായത്തിലെ കുതിരപ്പന്തി, പാവുമ്പ, തൊടിയൂർ പഞ്ചായത്തിലെ മാലുമേൽ എന്നിവിടങ്ങളിലാണ് അതത് പ്രദേശങ്ങളിലെ വൈദ്യുതി തകരാറുകൾക്കും കെ.എസ്.ഇ.ബി സേവനങ്ങൾക്കുമായി കൺട്രോൾ റൂമുകൾ തുടങ്ങിയത്. എന്നാൽ കുതിരപ്പന്തി കൺട്രോൾ റൂമിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് രാപ്പകൽ വ്യത്യാസമില്ലാതെ വൈദ്യുതി മുടങ്ങുന്നത്.

പൊടിപ്പ് മില്ലുകളെ ബാധിക്കും

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതിന് ശേഷമാണ് പൊടിപ്പ് മില്ലുകൾ, എൻജിനിയറിംഗ് വർക്ക് ഷോപ്പുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ സജീവമായത്. ഓണക്കാലത്ത് തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് ഇത്തരം സ്ഥാപനങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. വ്യാപാരി വ്യവസായികളും നാട്ടുകാരും ജനപ്രതിനിധികളും കെ.എസ്.ഇ.ബി ജീവനക്കാർക്ക് പല തവണ പരാതി നൽകിയിട്ടും പ്രശ്നപരിഹാരത്തിന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

11 കെ.വി ലൈനിന്റെ തകരാറ്

പതിനൊന്ന് കെ.വി ലൈനിന്റെ തകരാറാണ് നിരന്തരമുള്ള വൈദ്യുതി മുടക്കത്തിന് കാരണമെന്നാണ് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ നിന്നുള്ള വിശദീകരണം. വൈദ്യുതി തകരാറിന് ശാശ്വത പരിഹാരം കാണാൻ നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഓണം അടുത്ത സാഹചര്യത്തിൽ വൈദ്യുതി തടസം പരിഹരിച്ചില്ലെങ്കിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാ‌ർ പറയുന്നു.