കൊല്ലം: മുന്നുനാൾ കഴിഞ്ഞാൽ ചിങ്ങത്തിരുവോണം. അത്തത്തിന്റെ ആറാംനാൾ തൃക്കേട്ടയിലാണ് ഓണത്തിന്റെ ഭക്ത്യാദര പ്രവൃത്തികളുടെ തുടക്കം. തൃക്കേട്ട നക്ഷത്രാധിപനായ ഇന്ദ്രൻ സുഖത്തിന്റെ ദേവനെന്നാണ് സങ്കൽപം. തൃക്കേട്ടയിൽ ഓണത്തപ്പന് ഒരുക്ക് തുടങ്ങണമെന്നാണ് ചൊല്ല്. പലേടത്തും പല തരത്തിലാണ് ആചാരം.
തൃക്കാക്കരയപ്പനാണ് ഓണത്തപ്പൻ എന്ന് വിശ്വസിക്കുന്നവരുണ്ട്. അതല്ല ഓണത്തപ്പൻ മഹാബലിയാണെന്നും വിശ്വസിക്കുന്നു. ഓണത്തപ്പനും തൃക്കാക്കരയപ്പനും സാക്ഷാൽ വാമനമൂർത്തിയായ മഹാവിഷ്ണുവാണെന്നാണ് കൂടുതൽ പേരും വിശ്വസിക്കുന്നത്. ഓണത്തപ്പനെ ഭക്തിയോടെ ഭജിച്ച് തുടങ്ങുന്നത് തൃക്കേട്ടയിലാണ്.
പൂക്കളത്തിനടുത്ത് അരിപ്പൊടിയിൽ മഹാവിഷ്ണു സങ്കല്പത്തിൽ കോലം വരച്ചാണ് തുടക്കം. കോലത്തിൽ പൂക്കളർപ്പിക്കുന്നിടങ്ങളുമുണ്ട്. നേദ്യം ചെയ്യുന്നതും മലബാറിൽ പ്രചാരത്തിലുണ്ട്. ശേഷം കുടുംബസമേതം വിഷ്ണു സഹസ്രനാമം ഉരുക്കഴിക്കലാണ് മുഖ്യം. പ്രഭാതത്തിലാണ് ഇത് ചെയ്യേണ്ടത്. സഹസ്രനാമം ചൊല്ലുന്നതോടുകൂടി അവിടെ ഓണത്തപ്പൻ പ്രതിഷ്ഠിക്കപ്പെട്ടതായാണ് വിശ്വാസം. വൈകുന്നേരങ്ങളിൽ അഷ്ടോത്തരമാണ് മുഖ്യമായും ചൊല്ലുക. അത് വിഘ്‌നേശ്വര, ശിവ, ദേവീ പ്രീതിക്കായി ചെയ്യണമെന്നാണ് പഴമക്കാരുടെ പക്ഷം.
ഇഷ്ടദേവന്റെയോ, ദേവതയുടെയോ മന്ത്രങ്ങൾ 108 തവണ ഉച്ചരിക്കുന്നതാണ് അഷ്ടോത്തരം. തിരുവോണം വരെ പിന്നീടുള്ള ദിവസങ്ങളിൽ മുടങ്ങാതെ സഹസ്രനാമവും അഷ്ടോത്തരവും ചൊല്ലണമെന്നാണ് പറയുക. ചിലയിടത്ത് അഞ്ചോണം വരെയും ഇത് തുടരും. എന്നാൽ മറ്റുചിലയിടത്ത് തൃക്കേട്ടയിൽ തുടങ്ങുന്ന നാമജപം തിരുവോണനാളിൽ സമാപിക്കും. കൃത്യമായി മന്ത്രം ചൊല്ലിയാൽ അഭീഷ്ട സിദ്ധിയുണ്ടാവുമെന്നാണ് വിശ്വസം.
തൃക്കൺപാർക്കുകയെന്നാൽ ഈശ്വരനെ ദർശിക്കുക എന്നതാണ്. എന്നാൽ ഓണനാളിൽ തൃക്കൺപാർക്കുകയെന്നാൽ മഹാവിഷ്ണുവിനെ വാമനാവതാരത്തിൽ മനസിൽ ആരാധിക്കുകയെന്നാണ്. അകതാരിൽ നടത്തുന്ന വിഷ്ണു പൂജയാണിതെന്ന് ഋഷീവര്യന്മാരുടെ പ്രഭാഷണങ്ങൾ വെളിപ്പെടുത്തുന്നു. ഋഷിവര്യന്മാർ അനുഭവിച്ച ഈശ്വരാനുഭവം സാധാരണക്കാരിലേയ്ക്ക് പകർന്നിടാനാണ് ആഘോഷം ഭക്തിയുമായി സമന്വയിപ്പിച്ചത്. ഓണനാളാവുമ്പോൾ വിഷ്ണുവിന്റെ അവതാരമായ വാമനമൂർത്തിക്കുള്ള സമർപ്പണമായി മാറുമത്രെ. അടുത്ത ഓണം വരെയും ഭവനങ്ങളിൽ ഐശ്വര്യം നിറയാൻ തൃക്കേട്ടനാൾ മുതൽ വിഷ്ണുഭക്തി വേണമെന്നും വിശ്വസിക്കുന്നു.