ജാഗ്രത കടുപ്പിച്ച് ആരോഗ്യവകുപ്പ്
കൊല്ലം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം തഴവയിൽ വീണ്ടും കൊവിഡ്. തഴവ പന്ത്രണ്ടാം വാർഡിൽ സി.ആർ.പി.എഫ് ജവാനാണ് രോഗം സ്ഥിരീകരിച്ചത്. തെലങ്കാനയിൽ നിന്ന് വന്ന് ക്വാറന്റൈനിലായിരുന്ന ഇയാളെ കഴിഞ്ഞ തിങ്കളാഴ്ച കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇന്നലെ രാത്രിയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട് വന്നത്. നാട്ടിലെത്തിയശേഷം വീട്ടിൽ തനിച്ച് ക്വാറന്റൈനിലായിരുന്നതിനാൽ ഇയാളിൽ നിന്ന് രോഗ വ്യാപനത്തിന് സാദ്ധ്യതയില്ലെന്നതാണ് ആശ്വാസം. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
സാമൂഹ്യ അകലം പാലിക്കണം
സാമൂഹ്യ അകലം ഉറപ്പാക്കാതെ വ്യാപാര സ്ഥാപനങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കരുത്. വ്യാപാരി വ്യവസായികളുമായി ഇക്കാര്യം ചർച്ചചെയ്തിട്ടുണ്ടെന്നും ജനങ്ങളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു. തഴവ പഞ്ചായത്തിലെ മണപ്പള്ളി, പാവുമ്പ, എ.വി.എച്ച്.എസ്, കുറ്റിപ്പുറം, ചിറ്റുമൂല തുടങ്ങിയ പ്രധാന ജംഗ്ഷനുകളിലും വ്യാപാര കേന്ദ്രങ്ങളിലും ഓണത്തിരക്ക് നിയന്ത്രിക്കാനും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്ന കാര്യത്തിലും വരും ദിവസങ്ങളിലും കർശന നിലപാട് തുടരും.
ക്ളസ്റ്റർ മോണിട്ടറിംഗ് ഓഫീസർമാർ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും വാർഡുകൾ തോറും നിരീക്ഷണം നടത്തുന്നതിനുമായി ക്ളസ്റ്റർ മോണിട്ടറിംഗ് ഓഫീസർമാർ ഓരോ വാർഡുകളും സൂക്ഷ്മമായി നിരീക്ഷിക്കും. ഇതിന് പുറമേ പഞ്ചായത്ത്, ആരോഗ്യം, പൊലീസ് വകുപ്പുകൾ ചേർന്ന് രൂപീകരിച്ച സംയുക്ത സ്ക്വാഡും പരിശോധന നടത്തും.
ഓണാഘോഷ ചടങ്ങുകൾ വീടുകളിൽ ഒതുങ്ങണം. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പുറത്തിറങ്ങി ആഘോഷങ്ങളിലേർപ്പെട്ടാൽ പകർച്ച വ്യാധി പ്രതിരോധ നിയമപ്രകാരം നടപടി സ്വീകരിക്കും.
കരുനാഗപ്പള്ളി സി.ഐ മഞ്ജുലാൽ