
 വഴിയോര കച്ചവടങ്ങൾക്ക് നിയന്ത്രണം
കൊല്ലം: ഓണക്കാലത്തെ വഴിയോര കച്ചവടങ്ങൾ കൊവിഡ് വ്യാപനത്തിന് വഴിവയ്ക്കാതിരിക്കാൻ നഗരത്തിൽ എട്ട് ഓണത്തെരുവുകൾ ഇന്ന് മുതൽ സജ്ജമാകും. നഗരസഭ നിശ്ചയിച്ചിട്ടുള്ള ഈ എട്ട് സ്ഥലങ്ങളിലൊഴികെ മറ്റെങ്ങും ഇത്തവണ തെരുവ് കച്ചവടം അനുവദിക്കില്ല.
നഗരഹൃദയത്തിലെ നടപ്പാതകളിൽ ഓണക്കാലത്ത് തെരുവ് കച്ചവടക്കാരുടെ ഉത്സവ മേളമാണ്. കച്ചവടം പൊടിപൊടിക്കുമ്പോൾ കാൽനട യാത്രക്കാർക്ക് റോഡിനെ ആശ്രയിക്കേണ്ടി വരും. ഇപ്പോൾ തന്നെ നടപ്പാതകൾ തെരുവ് കച്ചവടക്കാർ കൈയ്യടക്കി. പല കച്ചവടക്കാർക്ക് മുന്നിലും സാമൂഹ്യ അകലം പാലിക്കാതെയുള്ള തിക്കും തിരക്കുമാണ്. വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് തെരുവ് കച്ചവടത്തിന് പ്രത്യേക കേന്ദ്രങ്ങൾ നിശ്ചയിച്ചത്.
 നിയന്ത്രിക്കും, സെപ്തംബർ 2 വരെ
പുതിയ കേന്ദ്രങ്ങളിൽ കച്ചവടക്കാർ തമ്മിലും ഉപഭോക്താക്കൾ തമ്മിലുമുള്ള സാമൂഹ്യ അകലം നഗരസഭയും പൊലീസും ചേർന്ന് ഉറപ്പാക്കും. ഇന്ന് മുതൽ അടുത്തമാസം രണ്ട് വരെ മാത്രമേ ഓണത്തെരുവുകൾ ഉണ്ടാകുള്ളു. അതിന് ശേഷം ഈ സ്ഥലങ്ങളിൽ കച്ചവടം അനുവദിക്കില്ല.
 ഓണക്കച്ചവടങ്ങൾ ഇവിടെ....
1. ലിങ്ക് റോഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ മുതൽ പുള്ളിക്കട മാർക്കറ്റ് വരെ
2. ക്യു.എ.സി റോഡിന്റെ ഒരുവശം
3. കന്റോൺമെന്റ് ഗ്രൗണ്ട്
4. ചിന്നക്കട ക്ലോക്ക് ടവർ പരിസരം
5. ജവഹർ ബാലഭവന് മുൻവശം
6. ആശ്രാമം റസിഡൻസി റോഡ്
7. ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുൻവശം
8. കന്റോൺമെന്റ് ഗ്രൗണ്ട്
 കുരുങ്ങി മുറുകുമോ ?
തെരുവ് കച്ചവടക്കാർക്കായി നഗരത്തിലെ പ്രധാന റോഡുകളുടെ ഭാഗം നിശ്ചയിച്ചത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുമോയെന്ന ആശങ്ക ഉയർത്തുന്നുണ്ട്. ചിന്നക്കട ക്ലോക്ക് ടവർ പരിസരം, ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ മുൻഭാഗം എന്നിവിടങ്ങളിൽ റോഡിന് താരതമ്യേന വീതി കുറവാണ്. തെരുവ് കച്ചവടക്കാരെ തേടി ഇവിടേക്ക് ആളുകൾ എത്തുമ്പോൾ ഗതാഗതം കുരുങ്ങി മുറുകും. ഉപഭോക്താക്കളെ കൂടുതൽ ലഭിക്കാൻ സാദ്ധ്യതയുള്ള ഈ കേന്ദ്രങ്ങളിലാകും കച്ചവടക്കാരും കൂടുതൽ തമ്പടിക്കാൻ സാദ്ധ്യത.