a
പാങ്ങോട് ശിവഗിരി റോഡ് എഴുകോൺ ജംഗ്ഷനിൽ പൊട്ടി പൊളിഞ്ഞ നിലയിൽ

എഴുകോൺ: ജലവിതരണ പൈപ്പ് പൊട്ടിയത് മാറ്റി സ്ഥാപിക്കാൻ വെട്ടി പൊളിച്ച റോഡ് നവീകരിക്കാത്തതിനെ തുടർന്ന് എഴുകോണിൽ ഗതാഗത കുരുക്ക് മുറുകുന്നു. പുത്തൂർ പാങ്ങോട് ശിവഗിരി റോഡിന്റെ എഴുകോൺ ജംഗ്ഷനിലെ ഭാഗമാണ് കുണ്ടും കുഴിയുമായി കാൽനട യാത്രികരെപ്പോലും ബുദ്ധിമുട്ടിലാക്കുന്നത്. അഞ്ച് വർഷം മുൻപാണ് ആർ.ശങ്കറിന്റെ ജന്മസ്ഥലമായ പുത്തൂർ പാങ്ങോട്ട് നിന്ന് ശിവഗിരി വരെയുള്ള റോഡ് 22 കോടി രൂപ ചെലവഴിച്ച് ദേശീയപാത നിലവാരത്തിലാക്കിയത്. ജലവിതരണ പൈപ്പുകൾ പൊട്ടുന്നത് തുടർക്കഥയായതോടെ കോടികൾ ചെലവിട്ട് നിർമ്മിച്ച പാങ്ങോട് ശിവഗിരി റോഡ് പൊട്ടി പൊളിയുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ കാലപ്പഴക്കം വന്ന കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റി ഗേജ് കൂടിയവ സ്ഥാപിച്ചിരുന്നു. അതിനായി എടുത്ത കുഴികളാണ് ശാസ്ത്രീയമായി മൂടി ടാർ ചെയ്തതിനെ തുടർന്ന് ജംഗ്ഷനിൽ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നത്.


എഴുകോൺ ജംഗ്ഷൻ, മത്സ്യമാർക്കറ്റിന്റെ പ്രധാന കവാടം, മൂലകട ജംഗ്ഷൻ, മുക്കണ്ടം ജംഗ്ഷൻ എന്നിവടങ്ങളിൽ എല്ലാം റോഡും പൊളിഞ്ഞ് കിടക്കുകയാണ്. മത്സ്യമാർക്കറ്റിന്റെ പ്രവേശന കവാടമായതിനാൽ തിരക്കേറിയ ഭാഗമാണ് ഇവിടം. വാഹനങ്ങൾ വേഗത കുറച്ച് പോകുന്നതിനാൽ എഴുകോൺ ജംഗ്ഷനിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ മഴയത്ത് ഉണ്ടായ കുത്തൊഴുക്കിൽ ഒഴുകി വന്ന മണ്ണ് എഴുകോൺ ജംഗ്ഷനിൽ അടിഞ്ഞുകൂടിയതും വിനയായി.


1.നിർമ്മാണ ചെലവ് 22 കോടി

2., നിർമ്മാണം നടത്തിയത് ദേശീയപാത നിലവാരത്തിൽ

3, കുടിവെള്ള പൈപ്പുകൾ പൊട്ടി റോഡ് വീണ്ടും തകർന്നു

4, ജംഗ്ഷനുകളിൽ റോഡിന് കുറുകെ എടുത്ത കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നത് ഇരു ചക്ര യാത്രികർക്ക് ഭീക്ഷണി ആകുന്നു

5, റോഡിന്റെ വശങ്ങളിലെ കുഴികൾ കാരണം വാഹന പാർക്കിംഗ് ദുഷ്‌കരം


നവീകരണ ചുമതല പൊതു മരാമത്ത് വകുപ്പിന്

ദേശീയ പാത അതോറിറ്റി നിർമിച്ച റോഡ് അടുത്തിടെയാണ് കേരള പൊതു മരാമത്ത് വകുപ്പിന് കൈമാറിയത്. അതിനാൽ റോഡിന്റെ നവീകരണം പി.ഡബ്യൂ .ഡി യ്ക്കാണ്. റോഡ് നവീകരണത്തിനായി 30 ലക്ഷം രൂപ ചിലവ് പ്രതീക്ഷിച്ച് കൊണ്ട് പി.ഡബ്യൂ .ഡി എഴുകോൺ സബ് ഡിവിഷൻ കൊട്ടാരക്കര ഡിവിഷനിൽ പദ്ധതി സമർപ്പിച്ചെങ്കിലും യാതൊരു നടപടിയും ആയിട്ടില്ല.