തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ അഗ്നി സുരക്ഷ കാലങ്ങളായുള്ള ആവശ്യമാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിവിധ വകുപ്പ് സെക്രട്ടറിമാരുടെയും ഓഫീസുകൾ പ്രവർത്തിക്കുന്ന ഇവിടെ ആയിരക്കണക്കിന് ആളുകളാണ് നിത്യേന വന്നുപോകുന്നത്. വി.ഐ.പികളുടേതുൾപ്പെടെ വാഹനങ്ങളും. ജനങ്ങളുടെ ജീവൽപ്രശ്നങ്ങളും നാടിന്റെ വികസനവുമുൾപ്പെടുന്ന വിലപിടിപ്പുള്ള സർക്കാർരേഖകളും ലക്ഷക്കണക്കിന് ഫയൽശേഖരവും വേറെ. നൂറുകണക്കിന് ഓഫീസുകളിലായി ആയിരത്തോളം ജീവനക്കാരും. എന്നാൽ, മതിയായ രീതിയിലുണ്ടാകേണ്ട അഗ്നിസുരക്ഷാ സംവിധാനങ്ങളൊന്നും സെക്രട്ടേറിയറ്റിലില്ല. പ്രാഥമിക അഗ്നിശമന ഉപകരണങ്ങളായ ഫയർ എക്സ്റ്റിൻഗുഷറുകൾ പ്രധാനപ്പെട്ട ഓഫീസുകളിലെല്ലാമുണ്ടെങ്കിലും ഇത് പ്രവർത്തിപ്പിക്കാൻ ജീവനക്കാർക്ക് മതിയായ പരിശീലനമില്ല. അരഡസനോളം അഗ്നിശമന ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ മിനിവാട്ടർ ടെന്റർപോലും ഇവിടെയില്ല. പെട്ടെന്ന് തീപിടിത്തം പോലുള്ള ദുരന്തമുണ്ടായാൽ അതിനെ നേരിടാൻ തികച്ചും അപര്യാപ്തമാണ് ഇപ്പോഴത്തെ സംവിധാനം.
ഇ- വേസ്റ്റുൾപ്പെടെ ലോഡുകണക്കിന് മാലിന്യങ്ങൾ സൂക്ഷിക്കുന്നിടത്തോ വാഹനങ്ങളുടെ പാർക്കിംഗ് ഏരിയയിലോ കാന്റീൻ പരിസരത്തോ അഗ്നി സുരക്ഷയ്ക്ക് യാതൊന്നുമില്ല. സെക്രട്ടേറിയറ്റ് വളപ്പിൽ തീപിടിത്തം തടയാൻ വാട്ടർ ഹൈഡ്രന്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനത്തിനാവശ്യമായ വെള്ളമില്ല. ചെങ്കൽ ചൂള ഫയർ സ്റ്റേഷൻ തൊട്ടടുത്തുണ്ടെന്നത് മാത്രമാണ് ആകെയുള്ള ആശ്വാസം. കഴിഞ്ഞദിവസം പ്രോട്ടോക്കോൾ ഓഫീസിലെ തീ കെടുത്താനും ചെങ്കൽചൂള നിലയത്തെയാണ് ആശ്രയിച്ചത്.
പതിറ്റാണ്ടുകളുടെ പഴക്കവും ചരിത്ര പ്രാധാന്യവുമുള്ള ഈ സർക്കാർ കെട്ടിടത്തിൽ തടികൊണ്ടുള്ള നിർമ്മിതികൾ ഏറെയുണ്ട്. കാലപ്പഴക്കം ചെന്ന ഇലക്‌ട്രിക് വയറിംഗ് സംവിധാനം, വീതികുറഞ്ഞ ഇടനാഴികൾ എന്നിവയുള്ള സെക്രട്ടേറിയറ്റും പരിസരവും തീപിടിത്തരഹിത മേഖലയാക്കാനുള്ള പരിശോധനകൾ നടത്തി സംവിധാനങ്ങൾ സജ്ജമാക്കേണ്ടതുണ്ട്. ഇത് കാലങ്ങളായുള്ള ആവശ്യമാണെങ്കിലും ഒരു സർക്കാരും ഇതിനായി ശക്തമായ ഇടപെടൽ നടത്തിയിട്ടില്ലെന്നതാണ് വാസ്തവം. സെക്രട്ടേറിയറ്റ് വളപ്പിൽ സ്ഥിരമായി ഒരു ഫയർഫോഴ്സ് യൂണിറ്റിനെ നിയോഗിക്കുകയും തീപിടിത്തം മുൻകൂട്ടി അറിയാൻ കഴിയുന്ന സെൻസറുകളുൾപ്പെടെയുള്ള ആധുനിക അഗ്നിശമന ഉപകരണങ്ങൾ എല്ലാ ഓഫീസുകളിലും സ്ഥാപിക്കുകയും ചെയ്യുക മാത്രമാണ് പോംവഴി.