തഴവ : കലാസാംസ്കാരിക പരിപാടികൾക്കും കൂടിച്ചേരലിനുമായി തഴവയിൽ ഓപ്പൺ എയർ ഓഡിറ്റോറിയം വരും. തിരുവനന്തപുരത്തെ നിശാഗന്ധിയുടെ മാതൃകയിലാവും നിർമ്മാണം. തഴപ്പായ് വ്യവസായത്തിന്റെ ഈറ്റില്ലമായതിനാൽ കൈതച്ചെടിയുമായി ബന്ധപ്പെടുത്തി കൈതോരമെന്ന പേരിൽ കുറ്റിപ്പുറത്തെ പഴയ ഷോപ്പിംഗ് കോംപ്ളക്സ് സ്ഥിതി ചെയ്ത സ്ഥലത്താകും നിർമ്മാണം. നാടിന്റെ കലയെയും സംസ്കാരത്തെയും പരിപോഷിപ്പിക്കാനും വിനോദത്തിനും വിജ്ഞാനത്തിനും കൂടിച്ചേരലുകൾക്കും കഴിയുന്ന സാംസ്കാരിക പൊതു ഇടമെന്നതാണ് കൈതോരത്തിന്റെ ആശയം. സാധാരണ ഓപ്പൺ എയർ ഓഡിറ്റോറിയങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് കൈതോരത്തിന്റെ രൂപകൽപ്പന. കൊച്ചുകുട്ടികൾക്ക് മുതൽ വൃദ്ധൻമാർക്ക് വരെ കായികവും മാനസികവുമായ വിനോദങ്ങൾക്കും ഉല്ലാസത്തിനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. സമപ്രായക്കാർക്ക് ഒത്തുചേരാനും സൊറപറയാനും കലാപ്രകടനങ്ങൾക്കുമുള്ള വേദികൂടിയാണ് ഇവിടം. വായനയെ സ്നേഹിക്കുന്നവർക്ക് വായനാമുറി, വാർത്തകൾ അറിയാനും ടെലിവിഷൻ, റേഡിയോ പരിപാടികൾ ആസ്വദിക്കാനും ടിവി, റേഡിയോ കിയോസ്ക്, കായിക പരിശീലനത്തിനും വ്യായാമത്തിനും ജിംനേഷ്യം , നേരമ്പോക്കുകൾക്കിടയിൽ ചായയോ കാപ്പിയോ ആസ്വദിക്കാൻ കഫറ്റേരിയ,പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ മാതൃകാടോയ്ലറ്റ്, സുരക്ഷയ്ക്കായി സിസി ടി കാമറ,പ്രഭാത സായാഹ്ന സവാരികൾക്കുള്ള സൗകര്യം ഇവയെല്ലാം കൈതോരത്തെ കമനീയമാക്കും.
ടോയ്ലറ്റിൽ
എൽ.ഇ.ഡി വാളും നക്ഷത്രവിളക്കുകളും
പബ്ളിക്ക് ടോയ്ലറ്റുകളെന്ന് കേൾക്കുമ്പോഴേ ആളുകൾ മൂക്കുപിടിക്കുമെങ്കിൽ കൈതോരത്തിൽ ടോയ്ലറ്റും ആളെ ആകർഷിക്കുന്നതാകും.വാർത്തകളും വർത്തമാനങ്ങളും കലാപരിപാടികളും മിന്നിമറയുന്ന കൂറ്രൻ എൽ.ഇ.ഡി വാളാകും ടോയ് ലറ്റിന്റെ പുറം ഭിത്തി. അത്യാധുനിക രീതിയിലുള്ള ഇ.ടോയ്ലറ്റിന്റെ അകത്തും പുറത്തും നക്ഷത്രവിളക്കുകളും കണ്ണാടിവിളക്കുകളും വെളിച്ചംതൂകും.
ചെലവ് അരക്കോടി
അരക്കോടിയോളം രൂപയാണ് കൈതോരത്തിന്റെ നിർമ്മാണചെലവായി പ്രതീക്ഷിക്കുന്നത്. ഇതിൽ 25 ലക്ഷം രൂപ പഞ്ചായത്തിന്റെ തനത് ഫണ്ടായി വകയിരുത്തി. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കരുതൽ ധനമായി സൂക്ഷിച്ചിട്ടുള്ള ഈ പണം വിട്ടുകിട്ടിയാൽ നിർമ്മാണം ആരംഭിക്കും. സാംസ്കാരിക പൊതു ഇടം പഞ്ചായത്തിലുണ്ടാകണമെന്ന ആവശ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകല, മുൻ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളിക്കുട്ടൻ, പഞ്ചായത്ത് സെക്രട്ടറി സി.ജനചന്ദ്രൻ എന്നിവരുടെയും ഭരണസമിതിയംഗങ്ങളുടെയും കൂട്ടായ തീരുമാനമാണ് കൈതോരം.