കൊല്ലം: നമ്മുടെ മാലിന്യം നമ്മുടെ മാത്രം ഉത്തരവാദിത്വമാണെന്ന തിരിച്ചറിവോടെ നാട്ടിലെ മാലിന്യം ടെറസിലേറ്റി തഴവ പഞ്ചായത്ത് കരസ്ഥമാക്കിയത് ശുചിത്വ പദവി. റോഡിലും പൊതുയിടങ്ങളിലും വലിച്ചെറിഞ്ഞ അജൈവ മാലിന്യം ശേഖരിച്ച് സൂക്ഷിക്കാനും തരംതിരിക്കാനും സ്ഥലം വെല്ലുവിളിയായിരുന്നെങ്കിലും ഭരണസമിതിയുടെ നിശ്ചയദാർഢ്യമാണ് ഈ നേട്ടത്തിന് പിന്നിൽ. നാടിനെ മാലിന്യമുക്തമാക്കാനുള്ള തീരുമാനത്തിൽ ആദ്യം നാട്ടുകാരുടെ തന്നെ എതിർപ്പ് നേരിടേണ്ടിവന്ന പഞ്ചായത്താണ് തഴവ. പഞ്ചായത്ത് ഓഫീസിന്റെ ടെറസ് മാലിന്യപ്പുരയ്ക്കായി വിട്ടുകൊടുത്ത ഭരണസമിതിയുടെ തീരുമാനമാണ് ശുചിത്വ പദവി എന്ന നേട്ടത്തിലേക്ക് പഞ്ചായത്തിനെ നയിച്ചത്. മാലിന്യശേഖരണം നടത്തുന്ന ഹരിത കർമ്മ സേനയ്ക്ക് വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്ന നിശ്ചിത തുകയ്ക്കൊപ്പം പഞ്ചായത്തിൽ നിന്നുള്ള സാമ്പത്തിക സഹായവും വാഹനമടക്കമുള്ള മറ്റ് സൗകര്യങ്ങളും കൂടി ലഭിച്ചതോടെയാണ് പദ്ധതി വൻവിജയമായത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, സെക്രട്ടറി സി. ജനചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയാണ് ഈ വിജയത്തിന് പിന്നിൽ.
ടെറസ് മാലിന്യപ്പുരയാക്കി
22 വാർഡുകളുള്ള വലിയ പഞ്ചായത്തായിട്ടും മാലിന്യങ്ങൾ ക്ളീൻ കേരളയ്ക്ക് കൈമാറാനായി തരംതിരിക്കാനും സംഭരിക്കാനും സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. ഒടുവിൽ പഞ്ചായത്ത് ഓഫീസിന്റെ ടെറസ് മാലിന്യപ്പുരയ്ക്കായി വിട്ടുകൊടുത്ത ഭരണസമിതിയുടെ അപൂർവ തീരുമാനം നാടിനെയാകെ മാറ്റി. ഹരിത കർമ്മസേനയുടെ സഹായത്തിൽ ഓരോ വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യവും കളക്ഷൻ സെന്ററായ പഞ്ചായത്ത് ഓഫീസിന്റെ മുകളിലെത്തിച്ച് തരംതിരിച്ചു. റോഡിലും തോട്ടിലും മാർക്കറ്റുകളിലുമായി ചിതറിക്കിടന്ന 15 ടൺ മാലിന്യമാണ് ഇതുവരെ തരംതിരിച്ച് കയറ്റിവിട്ടത്.
തരിശുരഹിത തഴവ
പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിനുള്ള ശുചിത്വം സമൃദ്ധമെന്ന പദ്ധതിയുടെ ചുവടുപിടിച്ച് തരിശുരഹിത തഴവ പദ്ധതി കൂടി നടപ്പാക്കിയതോടെ പച്ചപ്പുനിറഞ്ഞ് തഴവ പഴയ പ്രതാപത്തിലേക്ക് മടങ്ങുകയാണ്. തരിശുഭൂമിയിൽ കൃഷിയിറക്കാനും ജലാശയങ്ങളും തോടുകളും ശുചീകരിക്കാനുമാണ് പഞ്ചായത്തിന്റെ തീരുമാനം. സർക്കാർ തീരുമാനപ്രകാരം പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ചു. കോഴിക്കടകളിൽ നിന്നുള്ള മാലിന്യം റോഡിൽ തള്ളുന്നത് തടയാൻ രണ്ടാഴ്ചക്കാലം പഞ്ചായത്തിലെ മുഴുവൻ കോഴിക്കടകളും അടപ്പിച്ചശേഷം മാലിന്യസംസ്കരണ സംവിധാനമുള്ളവയ്ക്ക് മാത്രമായി ലൈസൻസ് പരിമിതപ്പെടുത്തി. ഇതോടെ കോഴിവേസ്റ്റ് റോഡിൽ തള്ളുന്നതിന് അറുതിയായി.
മിനിമെറ്റീരിയൽ കളക്ഷൻ സെന്റർ
പഞ്ചായത്ത് ഓഫീസിൽ നിന്ന് ഏറെ ദൂരമുള്ള 6, 9, 8 വാർഡുകളിൽ നിന്ന് മാലിന്യം പഞ്ചായത്ത് ഓഫീസിലെത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് ഈ വാർഡുകൾക്കായി മിനിമെറ്റീരിയൽ കളക്ഷൻ സെന്റർ സ്ഥാപിക്കാനാണ് തീരുമാനം. പാവുമ്പയിലെ കാർഷിക വിപണിയിലും തഴവയിലെ വിവിധ സ്കൂളുകളിലും ടോയ്ലറ്റ് സംവിധാനം വിപുലമാക്കിയതാണ് മറ്റൊരു നേട്ടം. എല്ലാ വാർഡുകളിലും കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.