fire-at-secretariat

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസ് തീപിടിത്തത്തെ സ്വർണക്കടത്തുമായി ബന്ധിപ്പിച്ച് പ്രതിപക്ഷം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കെ പൊലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുന്നു. തീപിടിത്തമുണ്ടായ സ്ഥലത്ത് ഫോറൻസിക് വിഭാഗവും ഫിംഗ‌ർ പ്രിന്റും നടത്തിയ പ്രാഥമിക പരിശോധനയിൽ സംശയിക്കത്തക്ക മറ്റ് യാതൊരു തെളിവുകളും ലഭ്യമായിട്ടില്ലെങ്കിലും സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രതിപക്ഷ ആരോപണം കൂടി മുഖവിലയ്ക്കെടുത്തുള്ള അന്വേഷണമാണ് നടത്തുന്നത്. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടാകുന്ന അഗ്നിബാധയുടെ ലക്ഷണങ്ങളാണ് ഓഫീസിനുള്ളിൽ കണ്ടെത്താനായത്. അല്ലാതെ തീയിട്ടതിന്റെതോ തീപിടിക്കാൻ സഹായിക്കുന്ന മറ്റെന്തെങ്കിലും വസ്തുക്കൾ ഉപയോഗിച്ചതിന്റെയോ സൂചനകൾ ലഭിച്ചിട്ടില്ല. എങ്കിലും ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാൻ മുറിയിൽ നിന്ന് ലഭിച്ച ചാരത്തിന്റെയും തീപിടിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങളുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ച് ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഉടൻ ലഭ്യമാകും.

പ്രോട്ടോക്കോൾ ഓഫീസിന് സമീപത്തെയും ഇടനാഴികളിലെയും കാമറ ദൃശ്യങ്ങൾ അന്വേഷണത്തിന് നേതൃത്വം നൽകുന്ന സ്പെഷ്യൽ സെൽ എസ്.പി അജിത്തിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. ദൃശ്യങ്ങളിലുള്ള ഓരോരുത്തരെയും തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. തീപിടിത്തം ആദ്യം കണ്ട ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്റേയും സ്ഥലത്തേക്ക് ഓടിയെത്തിയവരുടേയും മൊഴികൾ പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.അതേസമയം. തീയുണ്ടായത് പ്രോട്ടോക്കോൾ വിഭാഗത്തിലെ ഫാനിന്റെ തകരാർ മൂലമെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകി. ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി കർട്ടനിലേക്കും പേപ്പറിലേക്കും വീണതാണ് തീപിടിക്കാൻ കാരണമെന്നാണ് വകുപ്പിന്റെ കണ്ടെത്തൽ. പൊലീസ് അന്വേഷണവും ആ വഴിക്ക് തന്നെ നീങ്ങുന്നുവെന്നാണ് സൂചന. മറ്റൊരു അട്ടിമറിയും പ്രാഥമികാന്വേഷത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചന നൽകുന്നത്.

സെക്രട്ടേറിയറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അഡീഷണൽ പ്രോട്ടോക്കോൾ ഓഫീസറുടെ പരാതിയിലാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തീപിടിത്തവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ശേഖരിച്ച തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും.

മൊഴികൾ ഇന്ന് രേഖപ്പെടുത്തും

കേസിൽ കൂടുതൽ സാക്ഷികളുടെ മൊഴികൾ അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. കത്തി നശിച്ചത് മുൻ വിജ്ഞാപനങ്ങളും അതിഥി മന്ദിര രേഖകളുമാണെന്നാണ് പ്രോട്ടോക്കോൾ ഓഫീസറുടെ മൊഴി. ഇ-ഫയലുകൾ കൂടാതെ പേപ്പർ ഫയലുകളും അഗ്നിക്കിരയായിട്ടുണ്ടെന്നും മൊഴിയിലുണ്ട്. തീകത്തി നശിച്ച ഫയലുകൾ ഏതൊക്കെയാണെന്ന് തരംതിരിച്ച് റിപ്പോർട്ട് നൽകാൻ ഓഫീസ് മേധാവിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന സീക്രട്ട് സെക്ഷനിൽ തീപിടിച്ചിട്ടില്ലെന്നും നയതന്ത്ര ഫയലുകൾ കത്തിനശിച്ചിട്ടില്ലെന്നും പൊതുഭരണ വകുപ്പ് അറിയിച്ചിരുന്നു. ഗസ്റ്റ് ഹൗസ് ബുക്കിംഗും മന്ത്രി മന്ദിരങ്ങൾ സംബന്ധിച്ച രേഖകളുമാണ് കത്തിനശിച്ചവയിൽ പലതും. ഇവയിൽ പലതിനും ഒരു വർഷത്തോളം പഴക്കമുണ്ട്. പലതും വീണ്ടെടുക്കാവുന്നതാണെന്നും പൊതുഭരണ വകുപ്പ് വ്യക്തമാക്കിയിരുന്നു.