കൊല്ലം: അത്തം കഴിഞ്ഞുള്ള മൂലമാണിന്ന്. ഒാണനാളിൽ മൂലത്തിന് മുന്തിയ പരിഗണനയാണ്. അറ മൂട്ടുക എന്നൊരു ആചാരം നിലനിന്നിരുന്നു. വീട്ടിലുള്ള എല്ലാ വരുമാനവും തിട്ടപ്പെടുത്തി അറയിൽ നിറയ്ക്കലാണ് അറമൂട്ടൽ. രാവിലെ അറമൂട്ടിയാൽ വെെകിട്ടോടെ അതിൽ നിന്ന് പണമോ പണ്ടമോ ആവശ്യത്തിനായി മാറ്റും. ഇങ്ങനെ അറമൂട്ടിയാൽ അടുത്ത ഓണം വരെ സുഭിക്ഷമെന്നായിരുന്നു വിശ്വാസം.
പ്രധാന വരുമാന ഉപാധി കൃഷി മാത്രമായിരുന്ന കാലത്താണ് ഇത്തരം വിശ്വാസങ്ങളും രൂപമെടുത്തത്ത്.
മൂലം നാളിൽ അറയിലെ പണപ്പെട്ടി വീട്ടിലെ മുതിർന്നവർ പുറത്തെടുത്ത് വൃത്തിയാക്കും. പെട്ടിയിൽ വേപ്പില വിതറി ഉണക്കാൻ വയ്ക്കും. ഉണങ്ങിയ വേപ്പിലയുടെ മുകളിൽ പട്ട് അല്ലെങ്കിൽ തുണി വിരിക്കും. അതിൻമേലാണ് പണം വയ്ക്കുക. ആദ്യത്തെ പണം മഹാവിഷ്ണുവിന് സമർപ്പിക്കും. ഒാണനാളിൽ വാമന രൂപിയായി എത്തുമെന്ന വിശ്വാസം ഇന്നും പ്രബലമാണ്. ഇതേ പെട്ടിയിൽ നിന്ന് മൂലത്തിൽ തന്നെ പണമെടുത്ത് തുടങ്ങും. പുതുവസ്ത്രങ്ങളും സ്വർണവുമൊക്കെ, വീട്ടിലേക്ക് വാങ്ങിയിരുന്നതും മൂലത്തിലാണ്.
പണ്ടുകാലത്ത് മൂലത്തിലായിരുന്നു പെൺകുട്ടികളുടെ വിവാഹം സംബന്ധിച്ച് തീരുമാനമെടുത്തിരുന്നത്. ചിങ്ങത്തിലെ മൂലം നാളിൽ വിവാഹം തീരുമാനിക്കുകയോ വരനെ കണ്ടെത്തുകയോ ചെയ്താൽ. അത്തരം വിവാഹങ്ങൾ സുദീർഘവും ഉത്തമവും ആകുമെന്നായിരുന്നു വിശ്വാസം.
ഇപ്പോഴും ഓണക്കാലത്ത് കിട്ടുന്ന പണം മൂലം നാളിൽ പ്രാർത്ഥനാ നിർഭരമായി അറമൂട്ടുന്നവരുണ്ട്. ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള കരുതലിന്റെ പാഠങ്ങളാണ് ഓണം തലമുറകളിലേക്ക് പകർന്നത്. ഓണത്തിൽ തുടങ്ങി ഓണത്തിൽ അവസാനിക്കുന്നതാണ് മലയാളിയുടെ ആണ്ട് ചക്രം. ഓണത്തിന് വേണ്ടിയുള്ള കാത്തിരിപ്പും നീക്കിയിരിപ്പും അതിനെ അടയാളപ്പെടുത്തുന്നു.