corna
തഴുത്തല നാഷണൽ പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ കൊവിഡ് ബോധവത്കരണവുമായി നഗരത്തിലെത്തിയ മാവേലി യാത്രക്കാരിയെ തെർമ്മൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കുന്നു

കൊല്ലം: ഓണാശംസകൾക്കൊപ്പം കൊവിഡിനെതിരെ പോരാടാൻ ജനങ്ങളെ ബോധവത്കരിച്ച് സാമൂഹിക അകലം പാലിച്ച് നഗരവീഥികളിലൂടെ സഞ്ചരിച്ച മാവേലി ഏവർക്കും കൗതുകമായി. ഓലക്കുടയും കൊമ്പൻ മീശ മറയ്ക്കുന്ന മാസ്കും കൈയുറകളും സാനിറ്റൈസറും എന്നിവയോടെയായിരുന്നു മാവേലിയുടെ കൊവിഡ് കാല സന്ദർശനം.

തഴുത്തല നാഷണൽ പബ്ളിക് സ്കൂളിന്റെ ആഭിമുഖ്യത്തിലാണ് കൊവിഡിനെതിരെ ബോധവത്കരണ സന്ദേശമേകാൻ നഗരത്തിൽ മാവേലിയെയും സംഘത്തെയും എത്തിച്ചത്. മാസ്ക് ധരിക്കാതെ സഞ്ചരിച്ചവർക്ക് മാസ്കുകളും സാനിറ്റൈസറും മാവേലിയും സംഘവും വിതരണം ചെയ്തു. ബോധവത്കരണത്തിനൊപ്പം ലഘുലേഖാ വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു.

തഴുത്തല നാഷണൽ പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ എല്ലാ ഓണക്കാലത്തും വേറിട്ട സന്ദേശങ്ങളുമായി മാവേലിയെ ജനങ്ങൾക്കിടയിൽ എത്തിക്കാറുണ്ട്. മുൻ വർഷങ്ങളിൽ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് വാഹനാപകടങ്ങൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ബോധവത്കരണം. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി കണ്ണനല്ലൂർ സ്വദേശിയായ അഹ്സിൻ നവാസാണ് ഇക്കുറി മാവേലിയായത്.

കൊട്ടിയത്ത് കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ ദിലീഷിന്റെ സാന്നിദ്ധ്യത്തിൽ ആരംഭിച്ച മാവേലിയുടെ യാത്ര ചിന്നക്കടയിൽ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിറ്റി ട്രാഫിക് എൻഫോഴ്സ്‌മെന്റ് എസ്.ഐ പ്രദീപ്, ആരോഗ്യ വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് എം. നാരായണൻ, നാഷണൽ പബ്ലിക് സ്കൂൾ ചെയർമാൻ ഡോ.കെ.കെ. ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.