കൊല്ലം: ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്‌സ് കുടുംബസംഗമം ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ സ്വന്തം സൈനികരായ മത്സ്യത്തൊഴിലാളികളെ ഓണക്കിറ്റ് നൽകി ആദരിച്ചു. കൂട്ടായ്മയുടെ ഒന്നാം വാർഷികത്തിന്റെയും ഓണാഘോഷത്തിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിന് കിറ്റുകളുമായി പുറപ്പെട്ട വാഹനം ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ ഫ്ളാഗ് ഓഫ് ചെയ്തു. വാടി പബ്ളിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ മേയർ ഹണി ബെഞ്ചമിൻ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ഷീബ ആന്റണി പങ്കെടുത്തു. സേനയിൽ നിന്ന് വിരമിച്ച സൈനികരെ മേയർ പൊന്നാട അണിയിച്ച് ആദരിച്ചു.
അഴീക്കലിൽ കോമഡി താരം ഓച്ചിറ സജി, ചവറ പുത്തൻതുറയിൽ നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷ്മി, നീണ്ടകരയിൽ കോസ്റ്റൽ എസ്.എച്ച്.ഒ ഷെരീഫ് എന്നിവരും വിതരണോദ്ഘാടനം നിർവഹിച്ചു. വി . വിജയകുമാർ, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു. സൊസൈറ്റി സെക്രട്ടറി അലക്സ്, ഖജാൻജി അനീഷ് ഫിലിപ്പ്, എക്സിക്യൂട്ടീവ് അംഗം റോമൽ തുടങ്ങിയവർ നേതൃത്വം നൽകി.