കൊല്ലം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിച്ച സംഭവത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. സ്വർണക്കടത്ത് കേസിലെ എൻ.ഐ.എ അന്വേഷണം പ്രതിരോധിക്കാനാണ് പ്രോട്ടോക്കോൾ ഓഫീസിലെ ഫയലുകൾ കത്തിച്ചത്. സംഭവത്തിൽ അടച്ചിട്ടിരുന്ന ഓഫീസിന്റെ ചുമതല വഹിച്ചിരുന്ന സി.പി.എം അനുകൂല സർവീസ് സംഘടനാ നേതാവിന്റെ പങ്ക് അന്വേഷിക്കണമെന്നും വിഷ്ണു സുനിൽ പന്തളം ആവശ്യപ്പെട്ടു.
കെ.എസ്.യു കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ബിച്ചു കൊല്ലം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് എം. ദാസ്, ജി.കെ. അനന്തു, ഹർഷാദ്, സച്ചിൻ പ്രതാപ്, സഹിൽ, അഫ്‌സൽ, വൈഷ്ണവ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.