sarkkaravaratti

കൊല്ലം: ഓണവിഭവങ്ങളിൽ ശർക്കര വരട്ടിയില്ലാതെ എന്ത് ആഘോഷം!. ബേക്കറികളിലും പലഹാര നിർമ്മാണ യൂണിറ്റുകളിലും ശർക്കര വരട്ടിക്ക് ഡിമാൻഡേറി. ഏത്തക്കായ്​ കൊണ്ടുള്ള ഉപ്പേരിയും ശർക്കര വരട്ടിയും ഓണസദ്യയിലെ പ്രിയവിഭവങ്ങളാണ്. കഷണങ്ങളാക്കിയ വാഴക്കായ്ക്ക് മുകളിൽ ശർക്കര ഉരുക്കിയ മിശ്രിതം വരട്ടിയാണ് ശർക്കര വരട്ടി ഉണ്ടാക്കുന്നത്. ശർക്കര ഉപ്പേരിയെന്നും പേരുണ്ട്. വിവാഹ സദ്യയിലും ശർക്കര വരട്ടി പ്രധാന വിഭവമാണ്.

കൊവിഡിനെ തുടർന്ന് ആൾത്തിരക്ക് അനുവദിക്കാത്ത സാഹചര്യം വിപണിയെ ബാധിച്ചെങ്കിലും ശർക്കര വരട്ടിക്ക് ആവശ്യക്കാരേറെയാണ്. ഒരു കിലോ ശർക്കര വരട്ടിക്ക് 400 രൂപയാണ് വില. ഓണക്കച്ചവടത്തിന്റെ തുടക്കം മുതലേ ശർക്കര വരട്ടിക്ക് ചെലവുണ്ട്. ഓണദിവസങ്ങളിൽ വിൽപ്പന കൂടും.

പതിവിൽ നിന്ന്​ വ്യത്യസ്തമായി വഴിയോരത്ത് വാഹനങ്ങളിൽ ശർക്കര വരട്ടിയുടെയും ഉപ്പേരിയുടെയും വിൽപ്പന പൊടിപൊടിക്കുകയാണ്. വീടുകളിൽ ശർക്കര വരട്ടിയുണ്ടാക്കി ഉപയോഗിക്കുന്നവരും ധാരാളമാണ്. പൂരാട, ഉത്രാട നാളുകളിലാണ് മിക്കവാറും ഉപ്പേരിയും ശർക്കര വരട്ടിയും വീടുകളിൽ തയ്യാറാക്കുന്നത്.

''

ഏത്തക്കായ വില കഴിഞ്ഞയാഴ്ച കുറവായതിനാലാണ് ഈ വിലയ്ക്ക് വിൽക്കാൻ കഴിയുന്നത്. വെളിച്ചെണ്ണ, ശർക്കര, മറ്റ് ചേരുവകൾ എന്നിവയുടെ വിലയും അദ്ധ്വാനവും കണക്കിലെടുത്താൽ വിലകുറച്ച് വിൽക്കാനാകില്ല.

ശരവണൻ

ശർക്കര വരട്ടി ഉത്പാദകൻ