കോളൊരുക്കി കടലമ്മയുടെ ഓണസമ്മാനം
കൊല്ലം: ഇത്തവണ മത്സ്യത്തൊഴിലാളികൾക്ക് ഓണമുണ്ണാൻ കടം വാങ്ങേണ്ട. ഓണക്കോടി വാങ്ങി, സദ്യയൊരുക്കി, ഓണക്കൈന്നീട്ടവും നൽകാൻ മത്സ്യത്തൊഴിലാളികളുടെ കീശ നിറയ്ക്കുകയാണ് കടലമ്മ. നീട്ടിവിരിക്കുന്ന വലയിൽ മനസ് നിറയുവോളം മത്സ്യം നിറച്ചാണ് വള്ളക്കാരെയും ബോട്ടുകാരെയും കടലമ്മ മടക്കി അയയ്ക്കുന്നത്.
വള്ളക്കാർക്ക് അയല, ആവോലി, ചൂട, ചീലാവ്, പരവ, താട തുടങ്ങിയ ഇനങ്ങളാണ് ലഭിക്കുന്നത്. നീണ്ടകരയിലെ മദർ വള്ളങ്ങൾക്ക് 3 ലക്ഷം രൂപയുടെ വരെ മത്സ്യം പ്രതിദിനം ലഭിക്കുന്നുണ്ട്. ബോട്ടുകൾക്ക് കിളിമീൻ, കൊഴിചാള, ഉലുവ, കഴന്തൻ, കരിക്കാടി, പേ കണവ, ഓലക്കണവ എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ഒരാഴ്ചയോളം കടലിൽ കിടന്ന് മടങ്ങിവരുന്ന ബോട്ടുകൾക്ക് ശരാശരി അഞ്ച് ലക്ഷം രൂപയുടെ വരെ മത്സ്യം ലഭിക്കുന്നുണ്ട്.
ലോക്ക് ഡൗണിന് മുൻപ് വള്ളങ്ങളും ബോട്ടുകാരും ഒട്ടുമിക്ക ദിവസവും നിരാശരായാണ് മടങ്ങിവന്നത്. വള്ളക്കാരിൽ പലർക്കും കൂലി പോയിട്ട് മണ്ണെണ്ണ കാശ് പോലും കിട്ടാത്ത ദിവസങ്ങളുണ്ടായിരുന്നു. പിന്നീട് ലോക്ക്ഡൗണും ഹാർബർ അടവും സൃഷ്ടിച്ച പട്ടിണിക്കാലത്തിനൊടുവിലാണ് കടലമ്മ കനിയുന്നത്.
കീശ കാലിയാകാതെ മീൻ വാങ്ങാം
ഓണത്തിന് കൈ പൊള്ളാതെ മീൻ വാങ്ങാം. ലഭ്യത വർദ്ധിച്ചതോടെ മത്സ്യവില താഴ്ന്നിട്ടുണ്ട്. കൂടുതൽ വള്ളങ്ങളും ബോട്ടുകളും അടുക്കുമ്പോൾ ഹാർബർ മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ വില താഴുകയാണ്. വല നിറയെ മീനുള്ളതിനാൽ വില താഴുന്നതിൽ മത്സ്യത്തൊഴിലാളികൾക്കും പരിഭവമില്ല. ഏറെനാളായി അടഞ്ഞുകിടന്ന ചന്തകൾ പലതും കഴിഞ്ഞ ദിവസങ്ങളിൽ തുറന്ന് തുടങ്ങി.
മത്സ്യലഭ്യതയ്ക്ക് കാരണം
1. ലോക്ക് ഡൗൺ കാലത്ത് ഏകദേശം ഒരുമാസത്തോളം ബോട്ടുകളും വള്ളങ്ങളും കടലിൽ പോയില്ല
2. ട്രോളിംഗ് നിരോധന കാലത്തും വള്ളങ്ങൾ കരയിലായതിനാൽ കടലിന് ശാന്തത ലഭിച്ചു
3. കൊവിഡിൽ ഹാർബറുകൾ വീണ്ടും രണ്ട് മാസത്തോളം അടഞ്ഞു
4. കടൽ ശാന്തമായപ്പോൾ മത്സ്യക്കൂട്ടങ്ങൾ തീരത്തോട് അടുത്തെത്തി
5. ശക്തമായ കാറ്റിലും മഴയിലും കടൽ ഇളകിയത് മത്സ്യലഭ്യത വർദ്ധിപ്പിച്ചു
ശരാശരി മത്സ്യലഭ്യത
ശക്തികുളങ്ങര: 125 ടൺ
നീണ്ടകര: 70 ടൺ
കൊല്ലം തീരം: 25 ടൺ
''
കഴിഞ്ഞ ദിവസങ്ങളിൽ മോശമല്ലാത്ത നിലയിൽ മത്സ്യം ലഭിക്കുന്നുണ്ട്. വിലയും കിട്ടുന്നുണ്ട്.
പീറ്റർ മത്യാസ് (ബോട്ടുടമ)