കൊല്ലം: വിവാഹച്ചെലവ് ചുരുക്കിയ തുകയിൽ നിന്ന് നാടിന് ഓണക്കിറ്റു നൽകി ദമ്പതികൾ മാതൃക കാട്ടി. കൊട്ടാരക്കര ഏറത്തുകുളക്കട ശിവോഹത്തിൽ സോമരാജൻ - സുധർമ്മ ദമ്പതികളുടെ മകൻ അജിത്ത് സോമരാജനും വധു സുരഭിയുമാണ് എസ്.എൻ.ഡി.പി യോഗം ഏറത്തുകുളക്കട ശാഖാ പ്രവർത്തകർ വഴി നൂറ്റമ്പതിൽപ്പരം വീടുകളിൽ ഓണക്കിറ്റുകൾ നൽകിയത്. ഈ മാസം 23ന് ആയിരുന്നു അജിത്തിന്റെയും സുരഭിയുടെയും വിവാഹം. അജിത്തിന്റെ കുടുംബം ഡൽഹിയിലും സുരഭിയുടെ കുടുംബം ചെന്നൈയിലും സ്ഥിരതാമസമാണ്. എസ്.എൻ.ഡി.പി യോഗം കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകാൻ കൊട്ടാരക്കര യൂണിയൻ നേതാക്കൾ ശാഖാ ഭാരവാഹികളോട് അഭ്യർത്ഥിച്ചിരുന്നു. യൂണിയൻ വകയായി നൂറ് കിലോ അരി ശാഖാഭാരവാഹികളെ ഏൽപ്പിക്കുകയും ചെയ്തു. ബാക്കി സാധനങ്ങൾ സമാഹരിക്കാനായി ശാഖാ പ്രവർത്തകർ ആലോചിച്ചപ്പോഴാണ് സോമരാജനും കുടുംബവും തങ്ങളുടെ വകയായി ഒരു ലക്ഷം രൂപ ശാഖാഭാരവാഹികളെ ഏൽപ്പിച്ചത്. ഏറത്തുകുളക്കട ശാഖയിൽ 112 കുടുംബങ്ങളാണ് ഉള്ളത്. ഇതിന് പുറമേ ഇതര വിഭാഗത്തിലെ നിർദ്ധന കുടുംബങ്ങൾക്കും കിറ്റുകൾ നൽകി. അരിയും പലചരക്ക് സാധനങ്ങളും പച്ചക്കറിയും നാളികേരവും പായസക്കിറ്റുമാണ് ഓണസമ്മാനമായി നൽകിയത്. കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പി.ജി. സദാശിവൻ, സെക്രട്ടറി പി.എസ്. ഷാലു, യൂണിയൻ കമ്മിറ്റി മെമ്പർ കെ. ഷിബുരാജ്, കമ്മിറ്റി അംഗങ്ങളായ സുനിൽ, കമലാസനൻ എന്നിവരും സോമരാജനും കുടുംബവും ചടങ്ങിൽ പങ്കെടുത്തു.