veg

 ഉത്രാടപ്പാച്ചിലിന് മണിക്കൂറുകൾ മാത്രം

കൊല്ലം: ഉത്രാടപ്പാച്ചിലിന് മണിക്കൂറുകൾ ശേഷിക്കെ നാടാകെ ഓണ ലഹരിയിൽ. കൊവിഡ് മാന്ദ്യം മറികടന്ന് വിപണിയും സജീവമായി. സർക്കാർ - സ്വകാര്യ മേഖലയിലെ ബോണസ് വിതരണം പൂർത്തിയായതോടെ വ്യാപാര കേന്ദ്രങ്ങളിലേക്ക് പണമെത്തി തുടങ്ങി.

സർക്കാർ ഓഫീസുകൾ ഇന്ന് മുതൽ അവധിയായതിനാൽ ഓണം അവധിയുടെ പ്രതീതിയും ആഘോഷത്തിന്റെ അന്തരീക്ഷവും മിക്ക കുടുംബങ്ങളിലുമെത്തി. സ്വകാര്യ സ്ഥാപനങ്ങൾ മിക്കതും ഓണാവധിക്കായി ഇന്ന് അടയ്ക്കും. ചില സ്ഥാപനങ്ങൾ മാത്രമാണ് നാളെ കൂടി പ്രവർത്തിക്കുക.

വ്യാപാര കേന്ദ്രങ്ങളെല്ലാം ഉത്രാട രാത്രി വൈകും വരെ തുറന്നിരിക്കും. ഓണമൊരുങ്ങാൻ ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ നൽകുന്ന സഹകരണ ഓണം വിപണന മേളകൾ സജീവമാണ്. സെപ്തംബർ രണ്ടുവരെ കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള കടകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം.

ഉഷാറായി സർക്കാർ വിപണികൾ

ജനങ്ങൾക്കായി പൊതുവിപണി വിലയിൽ നിന്ന് 30 ശതമാനം വരെ വില കുറച്ച് പച്ചക്കറി നൽകാൻ ഹോർട്ടി കോർപ്പിന്റെയും വി.എഫ്.പി.സി.കെയുടെയും ഓണച്ചന്തകൾ തുറന്നു. ഹോർട്ടികോർപ്പിന്റെ വിപണന കേന്ദ്രങ്ങൾ, ഫ്രാഞ്ചൈസി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിലക്കുറവിൽ പച്ചക്കറി വാങ്ങാം. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രെമോഷൻ കൗൺസിൽ ജില്ലയിൽ 15 കേന്ദ്രങ്ങളാണ് പ്രവർത്തിപ്പിക്കുന്നത്. ചന്തകൾ 30ന് സമാപിക്കും.

പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ്

കൊവിഡ് നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊലീസിന്റെയും റവന്യൂ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പതിവ് പരിശോധനകൾക്ക് പുറമേ ആർ.ഡി.ഒമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപെടുത്തി പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചു.

ഓണത്തിരക്കിൽ കരുതൽ വേണം

1. വ്യാപാരശാലകളിൽ പത്ത് ചതുരശ്ര മീറ്ററിൽ മൂന്ന് ഉപഭോക്താക്കൾ എന്ന നിലയിലാണ് പ്രവേശനം

2. ഒരേസമയം പ്രവേശിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം സ്ഥാപനത്തിന് മുന്നിൽ പ്രദർശിപ്പിക്കണം

3. മറ്റ് ഉപഭോക്താക്കൾ പുറത്ത് സാമൂഹിക അകലം പാലിച്ച് ക്യൂ പാലിക്കണം

4. തിരക്ക് ഒഴിവാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിർദേശിക്കുന്നിടത്തും വിപണനം നടത്താം

5. പൊതു മാർക്കറ്റിൽ ശാരീരിക അകലം പാലിക്കണം

6. ഷോപ്പിംഗ് മാളുകളിലും അകലം പാലിച്ചേ ആളുകളെ പ്രവേശിപ്പിക്കാവൂ

7. വ്യാപാര സ്ഥാപനങ്ങളിൽ പരമാവധി കാഷ് ലെസ് രീതിയിൽ ക്രയവിക്രയം നടത്തണം

8. ഉത്സവങ്ങൾ, മേളകൾ, പ്രദർശനപരിപാടികൾ എന്നിവ ഒഴിവാക്കണം. അനാവശ്യ യാത്രകൾ വേണ്ട

9. ഹോട്ടലുകളിലും ലോഡ്ജുകളിലും അണുനശീകരണം നടത്തിയ ശേഷമേ പ്രവേശിക്കാവൂ. ജീവനക്കാരെ ഇടയ്ക്കിടെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കണം

10. സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഓണസദ്യക്കായുള്ള തിരക്ക് ഒഴിവാക്കണം

''

കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണം. അല്ലാത്തവർക്കെതിരെ നിയമ നടപടി വേണ്ടി വരും.

ബി.അബ്ദുൽ നാസർ

ജില്ലാ കളക്ടർ