
കൊല്ലം: അശകുശലേ പെണ്ണുണ്ടോ? ചെറുകോശാലം പെണ്ണുണ്ടോ? എന്ന് തുടങ്ങിയ പാട്ട് പുതുതലമുറയ്ക്ക് അപരിചിതമാണ്. ഓണാട്ടുകരയിൽ ഓണക്കളികളേറെയാണ്. പഴുക്കാക്കളി, തുമ്പി തുള്ളൽ, കുടംഊത്ത്, തിരുവാതിര എന്നിവ സ്ത്രീകളുടെ പ്രധാന ഓണക്കാല വിനോദങ്ങളാണ്. ഉത്രാടത്തിനാരംഭിക്കുന്ന സദ്യവട്ടത്തിരക്കുകൾ തിരുവോണം കഴിയുന്നതോടെ അൽപ്പം കുറയും. പിന്നെ വീട്ടുമുറ്റത്ത് കൂട്ടായ്മയോടെ ഓണക്കളികളാണ്.
തിരുവാതിരകളി കഴിഞ്ഞ് ക്ഷീണം മാറ്റാനിരിക്കുമ്പോഴാണ് പഴുക്കാകളി. അവർകൈയിലേ ഇവർ കൈയിലേ മാണിക്യച്ചെമ്പഴുക്ക എന്ന പാട്ട് പഴുക്കാ കളിയിൽ നിറയുമ്പോൾ കുടം ഊതെടി കുടം ഊതെടി കുറത്തിപ്പെണ്ണേ, നിന്റെ കുടത്തിന്റെ വില ശൊല്ലെടി....എന്ന ഈരടിയുമായി കുടം ഊത്ത് കളിയായി. സ്ത്രീകൾക്കെന്നപോലെ പുരുഷന്മാരും ഓണാഘോഷത്തിന് തങ്ങളുടേതായ കലാപ്രകടനങ്ങളിൽ ഏർപ്പെടാറുണ്ട്.
ഓണത്തിന്റെ വരവ് അറിയിച്ച് അത്തപ്പിറവി മുതലാണ് പുലികളിയുടെ തുടക്കം. കൊല്ലവും തിരുവനന്തപുരവുമാണ് ഓണക്കാലത്ത് പുലികളിയുടെ കേന്ദ്രങ്ങൾ. ശരീരമാകെ വടിച്ച് മഞ്ഞയും കറുപ്പും ചായം പൂശി നാക്ക് നീട്ടി ദംഷ്ട്രകൾ പുറത്ത് കാട്ടിയാണ് പുലികളുടെ വരവ്. ഉടുക്കും തകിലുമാണ് അകമ്പടി വാദ്യങ്ങൾ. ഓണക്കാലത്ത് നടത്തുന്ന മറ്റൊരു കളിയാണ് സുന്ദരിക്ക് പൊട്ട് കുത്ത്. കണ്ണ് കെട്ടി സുന്ദരിയുടെ ചിത്രത്തിൽ (നെറ്റി) പൊട്ട് തൊടുന്നു.
ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന മറ്റൊരു വിനോദമാണ് തലപ്പന്തു കളി. മൈതാനത്തും വീട്ടുമുറ്റത്തും കളിക്കാവുന്ന ഈ വിനോദത്തിൽ ക്രിക്കറ്റ് കളിപോലെ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു കൂട്ടർ കളിക്കുകയും മറ്റേ കൂട്ടർ കാക്കുകയും ചെയ്യുന്നു. ഗ്രാമീണരുടെ കായികവിനോദമായ ഈ കളി ഓണക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും കൂടുതലായി നടത്തിവരുന്നു.
ഓണാട്ടുകരയെന്നറിയപ്പെടുന്ന മാവേലിക്കര, കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, കുന്നത്തൂർ പ്രദേശങ്ങളിൽ പലയിടത്തും ഇപ്പോഴും ഈകളികൾ കാണാം. കഴിഞ്ഞ ഓണക്കാലംവരെ ക്ളബ്ബുകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നടന്നുവന്ന ഓണാഘോഷങ്ങളിലെല്ലാം ഇത്തരം കളികൾ അരങ്ങേറിയിരുന്നു. വീടിന് പുറത്തുള്ള ഓണാഘോഷങ്ങൾക്ക് കൊവിഡ് നിയന്ത്രണങ്ങളുടെ വിലക്കുള്ളതിനാൽ ഇത്തവണ ഓണക്കളികളെല്ലാം വീടുകളിലൊതുങ്ങും.