pooradam

കൊല്ലം: അത്തം തുടങ്ങി എട്ടാം നാളായ ഇന്ന് പൂരാടം. ഒന്നാം ഓണദിനമായ ഉത്രാടത്തിന് എല്ലാം ഒരുക്കിവയ്ക്കണം. കാ‌ർഷിക വിളകൾ വിറ്റുകിട്ടിയ പണവും ശമ്പളവും ബോണസുമൊക്കെയായി ഓണാഘോഷത്തിനുള്ള വിഭവങ്ങൾ തരപ്പെടുത്തുന്ന തിരക്കാണ് ഇന്ന്. പറമ്പുകളിലെ വിളവെടുപ്പും ഇന്നാണ്.

ഉത്രാടദിന ആഘോഷത്തിനുള്ള ഒരുക്കങ്ങളെല്ലാം ഇന്ന് പൂർത്തിയാകും. ഓണത്തപ്പൻ പൂരാടനാളിൽ വീടുകളിലേക്ക് എഴുന്നള്ളുമെന്നാണ് വിശ്വാസം. ഓണത്തപ്പനെ സ്വാഗതം ചെയ്യാൻ തൃക്കാർത്തികയുടേത് പോലെ മൺ ചെരാതുകൾ തെളിക്കണം. മലബാർ മേഖലയിൽ വിളക്ക് വച്ചാണ് ഓണത്തപ്പനെ വരവേൽക്കുന്നത്. തിരുവോണം കഴിഞ്ഞ് ഓണത്തപ്പൻ മടങ്ങുംവരെ അവിടുത്തുകാർ തിരി കെടാതെ സൂക്ഷിക്കും.

ഓണത്തിന് മഹാബലി തമ്പുരാനെയും വാമനനെയും വരവേൽക്കാൻ വീടിനകമെല്ലാം അടിച്ചുവാരി വൃത്തിയാക്കുന്നത് ഇന്നാണ്. ഓണത്തിന്റെ ആദ്യദിനമായ ഉത്രാടം പിറന്നാൽ സദ്യവട്ടങ്ങൾക്കും ആഘോഷങ്ങൾക്കുമുള്ള തിരക്കാകുന്നതോടെ പിന്നീട് ശുചിയാക്കലിന് സമയമുണ്ടാകില്ല. നേരം പുലരും മുമ്പേ കാരണവൻമാരുടെ നേതൃത്വത്തിലാരംഭിക്കുന്ന ജോലികൾ രാത്രിവൈകിയാകും അവസാനിക്കുക. കുടുംബത്തിലെ സ്ത്രീകൾക്ക് ഇന്ന് ഇരുട്ടിവെളുക്കുംവരെ വിശ്രമമുണ്ടാകില്ല. പലഹാരങ്ങളും ഉപ്പേരിയും മറ്റും തയ്യാറാക്കണം. ഓരോന്നും പാകമാകുന്ന മണം മൂക്ക് തുളയ്ക്കുമ്പോൾ രുചിനോക്കാൻ കുട്ടികളും അടുത്തുകൂടും. അപ്പോഴേക്കും ഉത്രാടപ്പുലരി പിറക്കും.

വീട്ടകങ്ങളിലെ ആഘോഷം മുറ്റത്തെ പൂക്കളം കണ്ടാലറിയാം. ഓണാഘോഷത്തിന്റെയും പൂക്കളത്തിന്റെയും രൂപം മാറുന്നത് പൂരാടനാളിലാണ്. പൂക്കളത്തിലേക്ക് അരിമാവ് കലക്കിയാണ് ഓണത്തപ്പനെ സ്വീകരിക്കുന്നത്. ഇതെല്ലാം കുട്ടികൾ ചെയ്യുന്നതിനാൽ പൂരാട ഉണ്ണികളെന്നാണ് അന്ന് കുട്ടികൾ അറിയപ്പെടുന്നത്. പൂക്കളങ്ങൾ വിസ്തൃതമാകുന്നതും നാനാതരം പൂക്കൾകൊണ്ട് കളങ്ങൾ അലംകൃതമാകുന്നതും ഈ ദിവസം മുതലാണ്. ഓണത്തപ്പന്റെ വരവോടെ പൂരാടനാളിൽ വീട്ടകങ്ങളിൽ നിറയുന്ന ഓണാഘോഷം ഉത്രാടവും പിന്നിട്ട് തിരുവോണം വരെ നീളും.