തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനൊപ്പം ഓണത്തിരക്ക് കൂടിയായതോടെ പൊലീസ് സ്റ്റേഷനുകളിലും ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള സ്പെഷ്യൽ യൂണിറ്റുകളിലും കേസ് അന്വേഷണങ്ങൾ വഴിമുട്ടി. ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം കുറവാണെങ്കിലും മുമ്പുണ്ടായ പല കേസുകളുടെയും അന്വേഷണവും തെളിവെടുപ്പുമാണ് ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ പാതിവഴിയിലായത്. വാഹന അപകടകേസുകളും അടിപിടിയും അക്രമവും ക്രൈം കേസുകളും കഴിഞ്ഞ കുറച്ച് മാസങ്ങളായി പേരിന് മാത്രമാണുള്ളത്.
കൊവിഡ് തിരക്കുകളിലായതിനാൽ ഓഫീസർമാർക്ക് ഇതൊന്നും ശ്രദ്ധിക്കാൻ സമയം തികയാത്തത് മുതലെടുത്ത് പൊലീസുകാർ അന്വേഷണം ഉഴപ്പുന്നതാണ് മറ്റൊരുപ്രശ്നം. പ്രതികൾ മുങ്ങി നടക്കുന്ന കേസുകളിൽ കുറ്റപത്ര സമർപ്പണവും നടക്കുന്നില്ല. ക്രൈംബ്രാഞ്ച് പോലുള്ള സ്പെഷ്യൽ ടീമുകളെ ഏൽപ്പിച്ച കേസുകളും ഏതാണ്ട് ഇതേ അവസ്ഥയിലാണ്. ജില്ലാ ക്രൈംബ്രാഞ്ച്, സംസ്ഥാന ക്രൈംബ്രാഞ്ച് വിഭാഗങ്ങളിൽ അന്വേഷിച്ചിരുന്ന കേസുകളും കൊവിഡ് വ്യാപനത്തോടെ ഫയലുകൾ പൊടിപിടിച്ച അവസ്ഥയിലാണ്.
വഴിമുട്ടിയ കേസുകൾ
തിരുവനന്തപുരം ജില്ലയിൽ മാസങ്ങൾക്ക് മുമ്പുണ്ടായതും പ്രമാദമായതുമായ അരഡസനിലധികം കേസുകളുടെ അന്വേഷണത്തെയാണ് കൊവിഡ് തടസപ്പെടുത്തിയത്. വർക്കല അയിരൂരിൽ രാജേഷെന്ന യുവാവിന്റെ കൊലപാതകം, സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങൾക്ക് തീവച്ച സംഭവം, ഗംഗേശാനന്ദസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിന്റെ പുനരന്വേഷണം എന്നിവയാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിൽ അടിയന്തര പ്രാധാന്യത്തോടെ അന്വേഷിച്ചിരുന്ന കേസുകൾ. ഈ കേസുകൾക്ക് മേൽനോട്ടം വഹിച്ചിരുന്ന സി.ഐ വരെയുള്ള ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളിൽ കണ്ടെയ്ൻമെന്റ് സോണുകളിലുൾപ്പെടെ ഡ്യൂട്ടിക്ക് നിയോഗിച്ചു. ആഴ്ചകൾ നീണ്ട ഡ്യൂട്ടിയും ക്വാറന്റൈനും ഇപ്പോഴും തുടരുന്നതിനാൽ ഇവരാരും പിന്നീട് ഓഫീസിന്റെ പടി ചവിട്ടിയിട്ടില്ല.
കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹമരണങ്ങളും സ്വത്ത് തട്ടിപ്പുമാണ് മറ്രൊരു പ്രധാനപ്പെട്ട കേസ്. ഒരുവർഷത്തിലധികമായി സിറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന് അസി.കമ്മിഷണറായി സുൾഫിക്കർ ചാർജെടുത്തതോടെ ജീവൻ വച്ച് തുടങ്ങിയതായിരുന്നു. കൊവിഡ് ചുമതലകൾക്ക് പിന്നാലെ തിരുവനന്തപുരം ട്രഷറിയിലെ ബിജുലാലിന്റെ തട്ടിപ്പുകളുടെ അന്വേഷണംകൂടി കൈമാറിയതോടെ കൂടത്തിൽ കേസിന്റെ അന്വേഷണം മന്ദഗതിയിലായി. ട്രഷറി തട്ടിപ്പിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുളള ജോലികൾ ദ്രുതഗതിയിൽ പൂർത്തിയാക്കുമ്പോഴാണ് സെക്രട്ടേറിയറ്റിൽ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ സ്പെഷ്യൽ എസ്.പിയെ സഹായിക്കാനും സിറ്റി ക്രൈംബ്രാഞ്ചിനെ നിയോഗിച്ചത്. ഈ അന്വേഷണങ്ങൾ ഒരുവഴിക്ക് ആകാതെ കൂടത്തിൽ കേസിൽ തൊടാനാകില്ല.
തിരുവനന്തപുരത്തെത്തിയ ജർമ്മൻ യുവതി ലിസ വെയ്സിനെ കാണാതായതാണ് സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണത്തിലിരുന്ന മറ്റൊരു കേസ്. കഴിഞ്ഞ മാർച്ചിൽ കേരളത്തിലെത്തിയ യുവതിയെപ്പറ്റി യാതൊരു സൂചനയുമില്ലാതിരിക്കെ ഈ കേസിന് തുമ്പുണ്ടാക്കാനുള്ള അന്വേഷണവും വഴിമുട്ടിയ സ്ഥിതിയാണ്.
തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ച സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരനായ ആര്യനാട് കുളപ്പട സുവർണനഗർ ഏഥൻസിൽ മോഹന്റെ തിരോധാനമാണ് കൊവിഡ് മുടക്കിയ മറ്റൊരുകേസ്. ബാങ്കിൽ നിന്ന് പണയ സ്വർണവുമായി മടങ്ങുന്നതിനിടെ പട്ടാപ്പകൽ മോഹനനെ പേരൂർക്കട- നെടുമങ്ങാട് റോഡിൽ നിന്ന് കാണാതാകുകയായിരുന്നു. മോഹനന്റെ വാഹനമോ മൊബൈൽ ഫോണോ ഒന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽപോലും കണ്ടെത്താൻ കഴിയാത്തതിനാൽ ഇയാൾക്ക് എന്തുസംഭവിച്ചുവെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലാതിരിക്കെയാണ് അന്വേഷണവും വഴിമുട്ടിയത്. ലോക്കൽ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലാത്തതിനാൽ റൂറൽ പൊലീസ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രമോദ് കുമാറിനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. കേസ് ഫയലുകൾ ഓഫീസിലെത്തിയതിന് പിന്നാലെ ഡിവൈ.എസ്.പിയെ കൊവിഡ് പ്രതിരോധ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചതാണ് മോഹനന്റെ തിരോധാനത്തിലും അന്വേഷണത്തിന്റെ വഴിയടച്ചത്.