തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിലെ തീപിടിത്തത്തിൽ ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഫോറൻസിക് പരിശോധനഫലങ്ങളും സിസി ടിവി ദൃശ്യങ്ങളും കാത്തിരിക്കുകയാണ് പൊലീസ്. തീപിടിത്തമുണ്ടായ ഓഫീസിനുള്ളിൽ നിന്ന് ശേഖരിച്ച കരിയുടെയും ചാരത്തിന്റെയും കത്തിനശിച്ച വസ്തുക്കളുടെയും അവശിഷ്ടങ്ങളിൽ നിന്ന് തീപിടിക്കാനിടയുള്ള വസ്തുക്കളുടെ സാന്നിദ്ധ്യം തിരിച്ചറിയാനുളള പരിശോധനയാണ് ഫോറൻസിക് ലാബിൽ നടക്കുന്നത്. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാൽ ഉണ്ടായ തീപിടിത്തവും പരിശോധനയിൽ അറിയാൻ കഴിയും. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയമായ പ്രോട്ടോക്കോൾ ഓഫീസിന് തീവച്ചതാണെന്ന പ്രതിപക്ഷ ആക്ഷേപം കൂടി കണക്കിലെടുത്ത് വിശദമായ അന്വേഷണമാണ് നടക്കുന്നത്. പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകളിൽ നിന്ന് പെട്രോളോ ഡീസലോ മണ്ണെണ്ണയോ പോലെ തീകത്താൻ സഹായിക്കുന്ന ഏതെങ്കിലും വസ്തുക്കളുടെ സാന്നിദ്ധ്യമുണ്ടായോയെന്ന് തിരിച്ചറിയാം. തീപിടിത്തമുണ്ടായ ഓഫീസിൽ കാമറകളില്ലെങ്കിലും സമീപത്തെ ഇടനാഴികളിലും പരിസരത്തും കാമറകളുണ്ട്. തീപിടിത്തമുണ്ടായ സമയത്ത് ഓഫീസിലോ പരിസരത്തോ അപരിചിതരുടെയോ സംശയിക്കത്തക്ക ആരുടെയെങ്കിലുമോ സാന്നിദ്ധ്യമുണ്ടോയെന്ന് ഇതിലെ ദൃശ്യങ്ങൾ വഴി തിരിച്ചറിയാം. ഇതിനായി അഞ്ചുദിവസത്തെ കാമറ ദൃശ്യങ്ങൾ പരിശോധനയ്ക്ക് ലഭ്യമാക്കാൻ അന്വേഷണ സംഘം പ്രോട്ടോക്കോൾ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന് പിന്നാലെ തീപിടിത്തം ഉണ്ടായത് ഫാനിൽ നിന്നാണെന്ന് ഫയർ ഫോഴ്സും കണ്ടെത്തി. ഫാനിലേക്കുള്ള വയർ മാത്രമാണ് കത്തിയതെന്നും സ്വിച്ചുകൾക്കും വയറിംഗിനും തീപിടിച്ചിട്ടില്ലെന്നും ഫയർഫോഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച് ഫയർ ഫോഴ്സ് മേധാവി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകി. പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ പൊളിറ്റിക്കൽ - 2.എ, പൊളിറ്റിക്കൽ - 5 സെക്ഷനുകളിൽ ഉണ്ടായ തീപിടിത്തത്തിൽ ചില ഫയലുകൾ ഭാഗികമായി കത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. കത്തിയ ഫയലുകളെ സംബന്ധിച്ച വിവരങ്ങളും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നതും എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണങ്ങളും സാങ്കേതികവശങ്ങളും പരിശോധിക്കാൻ ദുരന്തനിവാരണ അതോറിറ്റി കമ്മിഷണർ ഡോ. എ.കൗശികന്റെ നേതൃത്വത്തിലും ഒരു സമിതിയുണ്ട്. വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയതാണ് ഈ സമിതി. സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ ഉണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ചത് മുൻ വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളിൽ മുറികൾ ബുക്ക് ചെയ്തതിന്റെ രേഖകളുമാണെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.