-covid

കൊല്ലം: കൊല്ലത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. ഓണത്തിനിടയിൽ വലിയ വ്യാപനമുണ്ടാകുമെന്ന ആശങ്കയിലാണ് ജില്ലാ ഭരണകൂടം. ഇന്നലെ 176 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ദിനമായിരുന്നു ഇന്നലെ. 133 ആയിരുന്നു ഇതുവരെയുള്ള ജില്ലയിലെ ഏറ്റവും ഉയർന്ന കൊവിഡ് സ്ഥിരീകരണ സംഖ്യ. ഇതിൽ 164 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവി‌ഡ് പടർന്നത്. വിദേശത്ത് നിന്ന് വന്ന നാലുപേർക്കും ഇതര സംസ്ഥാനത്ത് നിന്ന് വന്ന ആറുപേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 59 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1066 ആയി. ആലപ്പാട് വെള്ളാനത്തുരുത്തി, കാവനാട് അരവിള, കൊല്ലം താമരക്കുളം, ഹൈസ്കൂൾ ജംഗ്ഷൻ, നീണ്ടകര, വെളുതുരുത്ത്, പെരിനാട് വെള്ളിമൺ എന്നിവിടങ്ങളിലാണ് ഇന്നലെ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജീവനക്കാരടക്കം ഇരുപത് പേർക്ക് രോഗം സ്ഥിരീകരിച്ചതിന്റെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ പരിശോധന ഇന്ന് നടക്കും. എണ്ണം ക്രമാതീതമായി വർദ്ധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ സൂചന. ഓണത്തിരക്ക് എല്ലായിടത്തും കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സമ്പർക്ക പട്ടിക തയ്യാറാക്കലും വിഷമകരമായി മാറിയിരിക്കുകയാണ്.