railway

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ യാർഡിൽ പാർക്ക്‌ ചെയ്തിരുന്ന ട്രെയിൻ കോച്ചുകളിൽ നിന്ന് ചെമ്പ് വയറുകൾ മോഷ്ടിച്ചവർ പിടിയിലായി. പത്തനംതിട്ട സ്വദേശി ഷിജുകുമാർ, കഴക്കൂട്ടം സ്വദേശി ബിനു, മോഷ്ടിച്ച ചെമ്പുകമ്പി വാങ്ങിയ കട ഉടമയായ ബംഗാൾ സ്വദേശി ഹച്ഛൻ മണ്ഡൽ എന്നിവരെയാണ് ആർ.പി.എഫ് അറസ്റ്റ് ചെയ്തത്. ലോക്ക്ഡൗണിനെ തുടർന്ന് കഴിഞ്ഞ മേയിലാണ് തിരുവനന്തപുരം ന്യൂ ഡൽഹി കേരള എക്സ് പ്രസ് ട്രെയിനിന്റെ കോച്ചുകൾ കൊല്ലം യാർഡിൽ കൊണ്ടുവന്നത്. കഴിഞ്ഞ വ്യാഴാഴ്ച കഴക്കൂട്ടം സ്റ്റേഷനിലേക്ക് കോച്ചുകൾ മാറ്റിയപ്പോഴായണ് മോഷണം വിവരം അറിഞ്ഞത്.

റെയിൽ ഇലക്ട്രിക്കൽ എൻജിനീയറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എ.സി കോച്ചുകളിലെ വയറിംഗ് പൂർണമായി നശിപ്പിച്ചതായും ചെമ്പ് വയറുകൾ മോഷണം പോയതായും കണ്ടെത്തി. തുടർന്ന് അന്വേഷണം കൊല്ലം ആർ.പി.എഫിന് കൈമാറി. ആർ.പി.എഫിന്റെ നേതൃത്വത്തിൽ റെയിൽവേ പരിസരങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് ഉപാസന ആശുപത്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്‌സ് പരിസരത്ത് നിന്ന് ഷിജുകുമാറിനെയും ബിനുവിനെയും പിടികൂടിയത്. പിടിക്കപ്പെടുമ്പോൾ ഇവരുടെ കൈവശം രണ്ട് പ്ലാസ്റ്റിക് കവറുകളിലായി ചെമ്പ് വയറുകൾ കണ്ടെത്തി.

വയറുകൾ മോഷ്ടിച്ച് റെയിൽവേ സ്റ്റേഷന് സമീപത്തെ കാടുകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഇവർ സൂക്ഷിക്കുകയിരുന്നു. ആവശ്യാനുസരണം ഇവ കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റ് കാശാക്കും. പുള്ളിക്കടയിലെ ആക്രിക്കടയിലാണ് ഇവർ സ്ഥിരമായി മോഷണ സാധനങ്ങൾ വിറ്റിരുന്നത്. ഈ കടയുടമയാണ് അറസ്റ്റിലായ മൂന്നാം പ്രതി ഹച്ഛൻ മണ്ഡൽ. ഈ കടയിൽ നിന്ന് മോഷണ സാധനങ്ങൾ വാങ്ങിയവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വയറുകൾ കത്തി ഉപയോഗിച്ച് മുറിച്ച് എടുത്തതിനാൽ കോച്ചുകളിലെ എ.സി സംവിധാനം മുഴുവനായി അഴിച്ചുപണിയേണ്ടി വരും. റെയിൽവെയ്ക്ക് 1,58,000 രൂപയുടെ നഷ്ടമുണ്ടായതായാണ് ഏകദേശ കണക്ക്.