photo

കൊല്ലം: കൊട്ടാരക്കര പുലമൺ കവലയിലെ മേൽപ്പാലത്തിന് സർക്കാരിന്റെ പച്ചക്കൊടി. ഏറെ നാളുകളായി വിവാദങ്ങളിൽപ്പെട്ട് വട്ടം കറങ്ങിയ മേൽപ്പാലത്തിന് ഇതോടെ ശാപമോക്ഷമായി. ഈ മാസം 25ന് 'കൊട്ടാരക്കരയിൽ മേൽപ്പാലത്തിന് അടിപ്പാര' എന്ന തലക്കെട്ടോടെ കേരളകൗമുദി ഫ്ളാഷ് റിപ്പോർട്ട് ചെയ്തിരുന്നു. പാലം നിർമ്മിക്കുന്നതിനെതിരെ പലതരത്തിലുള്ള ഇടപെടീലുകൾ നടക്കുന്നുണ്ടെന്നും ഫയൽ ഇനി അനങ്ങില്ലെന്നും വ്യാപകആക്ഷേപവും നിലനിന്നിരുന്നു. ദേശീയ പാതയും എം.സി റോഡും സംഗമിക്കുന്ന പുലമൺ കവലയിൽ നിലവിലുള്ള ഗതാഗത തടസങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ വിഭാവനം ചെയ്ത മേൽപ്പാലം യാഥാർത്ഥ്യമാകുന്നകാര്യത്തിൽ നാടിന്റെ പ്രതീക്ഷ മങ്ങിയ വേളയിലാണ് ഇപ്പോൾ സർക്കാരിന്റെ അനുമതി ലഭിച്ചത്. ഇനി ടെണ്ടറടക്കം തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് പി.ഐഷാപോറ്റി എം.എൽ.എ അറിയിച്ചു.

പദ്ധതി ഇങ്ങനെ

കൊട്ടാരക്കര പുലമൺ കവലയിൽ 750 മീറ്റർ നീളവും 10.5 മീറ്റർ വീതിയുമുള്ള കോൺക്രീറ്റ് പാലമാണ് നിർമ്മിക്കുക. ഒരു കിലോമീറ്റർ ദൂരത്തിൽ അപ്രോച്ച് റോഡുമുണ്ടാകും. തിരുവനന്തപുരം ഭാഗത്തേക്ക് 2.5 മീറ്റർ വീതിയിലും കോട്ടയം ഭാഗത്തേക്ക് 1.5 മീറ്റർ വീതിയിലും ഫുട് പാത്തുകളും ക്രമീകരിക്കും. 30 മീറ്റർ അകലത്തിൽ 25 തൂണുകൾ ഉൾക്കൊള്ളുന്നതാണ് പാലം. വൈദ്യുതി കേബിളുകളും ജല അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പുകളും മാറ്റിസ്ഥാപിക്കുന്നതിന് പ്രത്യേക ഭൂഗർഭ അറകളും പാലത്തിൽ ആവശ്യമായ വഴിവിളക്കുകളും രൂപ രേഖയിൽ വിഭാവനം ചെയ്‌തിട്ടുണ്ട്‌. സംസ്ഥാന സർക്കാരിന്റെ 2019-20 വാർഷിക ബഡ്ജറ്റിൽ മേൽപ്പാലത്തിന് ടോക്കൺ അഡ്വാൻസ് അനുവദിച്ചിരുന്നെങ്കിലും അന്തിമ രൂപരേഖയിൽ പാലത്തിന്റെ അടങ്കൽ തുക 59.45 കോടി രൂപയായി ഉയർന്നതിനാൽ ഭരണാനുമതി ലഭിച്ചിരുന്നില്ല. പട്ടണത്തിൽ നിലവിലുള്ള വ്യാപാരസ്ഥാപനങ്ങൾ പൊളിച്ചുമാറ്റാതെയും സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുക്കാത്ത തരത്തിലും വിശദമായ സ്ഥലപരിശോധന നടത്തിയ ശേഷമാണ് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അധികൃതർ മേൽപ്പാലത്തിന്റെ രൂപരേഖ തയ്യാർ ചെയ്‌തിട്ടുള്ളത്‌.

പാലം യാഥാർത്ഥ്യമാകുന്നു : പി.ഐഷാപോറ്റി എം.എൽ.എ

പുലമൺ ജംഗ്ഷനിൽ കോൺക്രീറ്റ് പാലം നിർമ്മിക്കേണ്ട വിഷയം നിയമസഭയിൽ സബ് മിഷനായി ഉന്നയിച്ചിരുന്നതാണ്. മറുപടിയായി മന്ത്രി ഉറപ്പ് തന്നതുമാണ്. കൊവിഡിന്റെ പ്രശ്നങ്ങളാൽ സാങ്കേതിക അനുമതിയ്ക്കും തുടർ നടപടികൾക്കും വേഗതക്കുറവ് വന്നെങ്കിലും ഇപ്പോൾ ഭരണാനുമതി ലഭിച്ചു. ഇനി പാലം യാഥാർത്ഥ്യമാകുമോയെന്ന കാര്യത്തിൽ ആർക്കും ആശങ്കവേണ്ട.