f

 സർക്കാർ ഓഫീസുകൾ തുറക്കുക സെപ്തംബർ മൂന്നിന്

കൊല്ലം: ഇന്നലെ അയ്യങ്കാളി ജയന്തി ദിനത്തിൽ തുടങ്ങിയ ഓണം അവധി അവസാനിക്കുന്നത് ശ്രീനാരായണഗുരു ജയന്തി ദിനമായ സെപ്തംബർ രണ്ടിനാണ്. സെപ്തംബർ മൂന്ന് വ്യാഴം മുതലേ സർക്കാർ ഓഫീസുകൾ ഇനി പ്രവർത്തിക്കുകയുള്ളൂ. തുടർച്ചയായ ആറ് ദിവസമാണ് ഓണവുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകൾ അടഞ്ഞുകിടക്കുക.

കൊവിഡും ലോക്ക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധികളെ തുടർന്ന് ജീവനക്കാരിൽ മിക്കവർക്കും എല്ലാ ദിവസവും ഓഫീസിൽ എത്തേണ്ടിവന്നിരുന്നില്ല. അതിനാൽ തുടർച്ചയായ അവധി ജീവനക്കാർക്ക് വലിയ ആഹ്ലാദം നൽകുന്നതല്ലെങ്കിലും സർക്കാർ ഓഫീസുകൾ പൂർണമായി അടയുന്നതിന്റെ പ്രതിസന്ധി ചെറുതല്ല.

ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. സെപ്തംബർ 1ന് ബാങ്കും റേഷൻ കടകളും തുറക്കുമെങ്കിലും 2ന് ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് 31 മുതൽ സെപ്തംബർ രണ്ടുവരെ അവധിയാണ്.

കണ്ണടയ്ക്കാതെ കൺട്രോൾ റൂം

സർക്കാർ സ്ഥാപനങ്ങൾ തുടർച്ചയായി അടഞ്ഞുകിടക്കുന്നത് മുതലെടുത്ത് അനധികൃത വയൽ നികത്തൽ, മണൽ ഖനനം, പാറ ഖനനം, കുന്നിടിക്കൽ, സർക്കാർ ഭൂമി കൈയേറ്റം, മരം മുറിക്കൽ, അനധികൃത നിർമാണ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കൺട്രോൾ റൂമുകളിൽ വിവരം അറിയിക്കാം. ഇതിനായി കലക്‌ടറേറ്റിലും താലൂക്ക് ഓഫീസുകളിലും രാപകൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.

ഓഫീസ് അടഞ്ഞാലും നിരത്തിൽ സ്ക്വാഡ്

1. നിരീക്ഷണങ്ങളും പരിശോധനകളും ശക്തിപ്പെടുത്താൻ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ്

2. തണ്ണീർത്തട നശീകരണം, കുന്നിടിക്കൽ, മാലിന്യനിക്ഷേപം എന്നിവയ്ക്ക് സാദ്ധ്യത

3. തെന്മല അടക്കമുള്ള വിനോദസഞ്ചാര മേഖലകളിൽ നിയന്ത്രണം

4. കല്യാണം പോലുള്ള വിശേഷങ്ങൾ പൊലീസിന്റെ നിയന്ത്രണത്തിൽ

5. അഴീക്കൽ മേഖലയിലെ നിരീക്ഷണം ശക്തമാക്കും

6. കൊവിഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ സമയക്രമം ഒന്നിടവിട്ടുള്ള ദിവസങ്ങളാക്കി

7. ഹാർബറുകൾ അടക്കമുള്ള പൊതു ഇടങ്ങളിൽ സ്ത്രീ ജീവനക്കാരെ നിയമിക്കില്ല

8. ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ഇളവ്

9. ദമ്പതികളായ ജീവനക്കാരിൽ ഒരാൾ മാത്രം ഹാജരായാൽ മതി

അവധി

ബാങ്ക്: 3 ദിവസം (29- 31)

ബിവറേജസ്: 3 ദിവസം ( 31-സെപ്തംബർ 2)

ഫോൺ


കൊല്ലം കലക്‌ട്രേറ്റ്: 04742794002
കൊല്ലം താലൂക്ക് ഓഫീസ്: 04742742116

കൊട്ടാരക്കര: 04742454623

പുനലൂർ: 04752222605

പത്തനാപുരം: 04752350090

കരുനാഗപ്പള്ളി: 04762620223

കുന്നത്തൂർ: 04762830345