photo

കൊല്ലം: മൺറോത്തുരുത്തുകാരുടെ ചിരകാല സ്വപ്നമായ പെരുമൺ - പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

ടെണ്ടറിൽ പങ്കെടുത്ത രണ്ടാമത്തെ കമ്പനിയുമായി കരാർ ഉറപ്പിക്കാനുള്ള ഫയലിന് ധനവകുപ്പ് അനുമതി നൽകിയതോടെയാണ് തടസങ്ങൾ മാറിയത്.

36.47 കോടി രൂപയായിരുന്നു പദ്ധതിയുടെ ആദ്യ എസ്റ്റിമേറ്റ്. ഇപ്പോൾ കരാർ ഉറപ്പിക്കുന്ന കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത് എസ്റ്റിമേറ്റിനെക്കാൾ 19 ശതമാനം അധികം തുകയാണ്. ആ നിലയിൽ പാലത്തിന്റെ നിർമ്മാണ ചെലവ് 43.4 കോടി രൂപ ആയി മാറും.

വിനോദസഞ്ചാരത്തിന് വലിയ ഗുണം

കൊല്ലം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായി മൺറോത്തുരുത്തും അഷ്ടമുടി കായലും മാറിയിട്ട് നാളേറെയായി. മൺറോത്തുരുത്തിൽ പഴയകാലത്ത് വള്ളംകളി മത്സര സമയത്ത് മാത്രമായിരുന്നു വിദേശികളടക്കം എത്തിയിരുന്നത്. എന്നാൽ, കല്ലടയാറ്റിലും ഉപതോടുകളിലുമടക്കം വള്ളങ്ങളിറക്കി ടൂറിസം സാദ്ധ്യത വഴിതെളിച്ചതോടെ വലിയ തോതിലാണ് ഇവിടേക്ക് ആളുകൾ എത്തിയിരുന്നത്. കൊവിഡിനെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും മുമ്പുവരെ ഇവിടെ രാവും പകലും സജീവമായിരുന്നു. വീടുകളിൽ മിക്കവയും ഹോം സ്റ്റേകളായി മാറുകയും ചെയ്തു. കൊല്ലത്ത് നിന്ന് ഇവിടേക്ക് എത്തണമെങ്കിൽ യാത്രാ ദുരിതമാണ് അന്നും ഇന്നും നിലനിൽക്കുന്ന പ്രധാന പ്രശ്നം. പെരുമൺ - പേഴുംതുരുത്ത് പാലം യാഥാർത്ഥ്യമായാൽ ഈ ബുദ്ധിമുട്ടുകൾ മാറുകയും വിനോദ സഞ്ചാരികൾ ധാരാളമായി ഇവിടേക്ക് എത്തുകയും ചെയ്യും. ജങ്കാർ സർവ്വീസും അതോടെ നിർത്തലാക്കാം. കൊല്ലം, കുന്നത്തൂർ താലൂക്കുകളിലെ നിരവധി പഞ്ചായത്തുകളിലേക്കുള്ള യാത്രാ ദുരിതത്തിനും പരിഹാരമാകും.

ശിലയിട്ടത് വെറുതെയായി

വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് പെരുമൺ-പേഴുംതുരുത്ത് പാലത്തിന് തുക അനുവദിച്ചത്. അച്യുതാനന്ദൻ ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു. എന്നാൽ തുടർന്നുവന്ന ഉമ്മൻചാണ്ടി സർക്കാർ ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടയിട്ടു. പെരുമൺ മേള കലാകേന്ദ്രം പ്രവർത്തകർ കോടതിയെ സമീപിച്ചെങ്കിലും ഫണ്ടില്ലെന്ന കാരണത്താൽ സർക്കാർ പിൻമാറി. പിന്നീട് പിണറായി വിജയൻ മുഖ്യമന്ത്രിയായതൊടെ എം.മുകേഷ് എം.എൽ.എ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് നാടിന്റെ സ്വപ്നമായ പാലത്തിന് വീണ്ടും തുക അനുവദിച്ചത്.

പാലം നിർമ്മിക്കാൻ തുക അനുവദിച്ചെങ്കിലും അപ്രോച്ച് റോഡുകൾക്കായി ഭൂമി ഏറ്റെടുക്കാൻ കാലതാമസം ഉണ്ടായി. നിരവധി ചർച്ചകൾക്ക് ശേഷമാണ് ഭൂമി ഏറ്റെടുക്കാനായത്. 2.61 കോടി രൂപ വിലയായി നൽകേണ്ടിയും വന്നു.

ടെണ്ടറിൽ കുരുങ്ങി കുറച്ചുകാലം

പാലത്തിന് ടെണ്ടർ ക്ഷണിച്ചപ്പോൾ ഒരാൾ മാത്രമാണ് പങ്കെടുത്തത്. അതുകൊണ്ടുതന്നെ കരാർ നൽകാനായില്ല. രണ്ടാമത് ടെണ്ടർ ക്ഷണിച്ചപ്പോൾ രണ്ട് കമ്പനികൾ ടെണ്ടർ നൽകി. എന്നാൽ രേഖകളിലെ പോരായ്മകാരണം അതും നിരസിക്കപ്പെട്ടു. മൂന്നാമത് ടെണ്ടർ ക്ഷണിച്ചപ്പോഴും രണ്ട് കമ്പനികൾ പങ്കെടുത്തു. എന്നാൽ എസ്റ്റിമേറ്റ് തുകയിൽ നിന്ന് അധികരിച്ച തുകയാണ് ഇരു കമ്പനികളും ടെണ്ടറിൽ കാണിച്ചത്. പിന്നെയും നടപടിക്രമങ്ങൾ നീണ്ടു. കുറഞ്ഞ തുകയ്ക്കുള്ള കമ്പനിക്ക് കരാർ നൽകാൻ തീരുമാനമായെങ്കിലും കൊവിഡും തൊഴിലാളിക്ഷാമവും പറഞ്ഞ് ഈ കമ്പനി പിൻവാങ്ങി. ഇപ്പോൾ അടുത്ത കമ്പനിക്ക് കരാർ നൽകാനുള്ള തീരുമാനമാണ് ഫലം കാണുന്നത്.

 കുരുക്കുകളൊഴിയാതെ..

01. പദ്ധതി ആദ്യം ടെണ്ടർ ചെയ്തപ്പോൾ പങ്കെടുത്തത് ഒരു കമ്പനി മാത്രം

02. കാലാവധി നീട്ടിയിട്ടും പുതുതായി ആരുമെത്തിയില്ല

03. റീ ടെണ്ടറിൽ രണ്ട് കമ്പനികളെത്തി

04. ഏറ്റവും കുറഞ്ഞ ടെണ്ടർ തുക എസ്റ്റിമേറ്റ് നിരക്കിനെക്കാൾ 12 ശതമാനം അധികമായതിനാൽ ഫയൽ മന്ത്രിസഭയുടെ അനുമതിക്ക്

05. മന്ത്രിസഭ അനുമതി നൽകിയെങ്കിലും തൊഴിലാളികളുടെ ക്ഷാമം പറഞ്ഞ് നിർമ്മാണ കമ്പനി പിൻവാങ്ങി

05. രണ്ടാമത്തെ ഉയർന്ന തുകയ്ക്ക് കരാർ ഉറപ്പിക്കാനുള്ള തീരുമാനത്തിലേക്ക്