യാത്രക്കാർക്ക് കൊവിഡ് ഭീതി
കൊല്ലം: ആനവണ്ടികൾ കുളിച്ച് കുട്ടപ്പനായി നിരത്തിലിറങ്ങിയിട്ടും യാത്രക്കാരുടെ കൊവിഡ് ഭീതി മാറുന്നില്ല. ബൈറൂട്ടുകളിൽ ഓടി ടയറ് തേയുന്നതല്ലാതെ യാത്രക്കാരുടെ എണ്ണം ഉയരുന്നില്ല. മെയിൻ റോഡുകളിൽ നിന്നാണ് ആശ്വാസ വരുമാനം ലഭിക്കുന്നത്.
ബൈ റൂട്ടുകളിലെ യാത്രക്കാരിൽ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങൾ കൂടുതലായി ഉപയോഗിക്കുകയാണ്. യാത്രക്കാരുടെ വിശ്വാസം നേടാൻ ഓരോ ട്രിപ്പ് കഴിയുന്തോറും ബസ് അണുവിമുക്തമാക്കുന്നുണ്ട്. എന്നിട്ടും യാത്രക്കാരുടെ എണ്ണം ഉയരുന്നില്ല. ഓർഡിനറികൾക്ക് ആറായിരം രൂപയും ഫാസ്റ്റുകൾക്ക് എണ്ണായിരം രൂപയുമാണ് ഇപ്പോഴത്തെ ശരാശരി വരുമാനം. അവധി കൂട്ടത്തോടെ വരുന്നതിനാൽ വരും ദിവസങ്ങളിൽ സർവീസുകളുടെ എണ്ണം വീണ്ടും കുത്തനെ ഇടിയും.
വരുമാനത്തിൽ നേരിയ വർദ്ധനവ്
ജില്ലയിൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനം നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷം ആദ്യ സർവീസ് തുടങ്ങിയപ്പോൾ അഞ്ച് ലക്ഷത്തിൽ താഴെയായിരുന്നു ജില്ലയിലെ 9 ഒൻപത് ഡിപ്പോകളിൽ നിന്നുമുള്ള വരുമാനം. ഇപ്പോൾ ആകെ വരുമാനം 15 ലക്ഷത്തിലേക്ക് ഉയർന്നിട്ടുണ്ട്. കൊവിഡിന് തൊട്ടുമുൻപ് ശരാശരി 90 ലക്ഷമായിരുന്നു ശരാശരി വരുമാനം. കൊട്ടാക്കര (42), കൊല്ലം (32) ഡിപ്പോകളിൽ നിന്നാണ് കൂടുതൽ ബസുകൾ നിരത്തിലിറങ്ങുന്നത്.
ഏഴ് ദീർഘദൂര സർവീസ്
ഓണം പ്രമാണിച്ച് ദൂരസ്ഥലങ്ങളിലുള്ളവർക്ക് നാട്ടിലെത്താൻ ജില്ലയിൽ നിന്ന് താത്കാലികമായി ഏഴ് ദീർഘദൂര സർവീസ് തുടങ്ങി. കൊല്ലം ഡിപ്പോയിൽ നിന്നും തൃശൂരിൽ നിന്നും എറാണുകുളത്തേക്കും ഓരോ സർവീസുകളാണ് തുടങ്ങിയത്. കൊട്ടാരക്കരയിൽ നിന്ന് കോട്ടയത്തേക്ക് മൂന്നും തൃശൂരേക്കും എറുണാകുളത്തേക്കും ഓരോ സർവീസുകൾ വീതവും തുടങ്ങി. അടുത്തമാസം രണ്ട് വരെയേ ഈ സർവീസുകൾ ഉണ്ടാകൂ.
ആകെ ഷെഡ്യൂൾ: 525
ഇന്നലെ നിരത്തിലിറങ്ങിയത്:150
ഏകദേശ വരുമാനം: 15 ലക്ഷം
കൊവിഡിന് മുൻപ്: 90 ലക്ഷം