camera
camera

കൊല്ലം: ജില്ലയിലെ നിരത്തുകളിൽ വാഹന പരിശോധനയ്ക്കായി മോട്ടോർ വാഹന വകുപ്പിന്റെ കാമറ കണ്ണുകൾ തുറക്കുന്നു. 50 കാമറകളാണ് ഉടൻ സ്ഥാപിക്കുക. എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ കീഴിലാകും കാമറയുടെ നിരീക്ഷണ സംവിധാനങ്ങളും തുടർ നടപടികളും. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം നടക്കുന്നതോടെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫീസിന് പുതിയ നിലയിലേക്ക് ഓഫീസും കൂടുതൽ സൗകര്യങ്ങളും ലഭിക്കും. ഇവിടെയാണ് കാമറയുമായി ബന്ധപ്പെട്ട കൺറോൾ റൂം പ്രവർത്തിക്കുക. കെൽട്രോണിനാണ് കാമറകളുടെ ചുമതല നൽകിയിട്ടുള്ളത്. ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽട്ട് ഇല്ലാതെയുമുള്ള യാത്ര, അമിത ലോഡ്, നമ്പർ പ്ളേറ്റുകളിലെ കൃത്രിമം തുടങ്ങി വാഹനങ്ങളുടെ ക്രമക്കേടുകളൊക്കെ കാമറകൾ ഒപ്പിയെടുക്കും. പൊലീസിന്റെ നിരീക്ഷണ കാമറകൾ ജില്ലയുടെ പ്രധാന കവലകളിലും ദേശീയപാതയിലുമടക്കമുണ്ട്. വാഹന സംബന്ധമായ ക്രമക്കേടുകൾ കണ്ടുപിടിക്കുന്നതിനും ഒപ്പം ക്രിമിനൽ കേസുകളുടെ അന്വേഷണത്തിനും ഇതിലെ ദൃശ്യങ്ങൾ ഉപകരിക്കാറുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ കാമറകളുടെ ദൃശ്യവും പൊലീസിന് നൽകാവുന്നതാണ്.

എൻഫോഴ്സ്മെന്റ് സംവിധാനം വിപുലമാക്കും

കൊട്ടാരക്കരയിൽ ഇപ്പോൾ തട്ടിക്കൂട്ട് സംവിധാനത്തിലാണ് എൻഫോഴ്സ്മെന്റ് ആർ.ടി.ഓഫീസ് പ്രവർത്തിക്കുന്നത്. പുതിയ ഓഫീസ് ഒരു മാസത്തിനകം പ്രവർത്തനം തുടങ്ങാനാണ് ആലോചിക്കുന്നത്. ഇതിന്റെ സജ്ജീകരണങ്ങൾ തുടങ്ങിയിട്ടുണ്ട്. ആർ.ടി.ഒ അടക്കം 30 ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. വാഹനങ്ങളുടെ അപര്യാപ്തയും നിലവിലുണ്ട്.

ക്രമക്കേടുകൾ തടയാനും പിഴ ഈടാക്കാനും

കൊട്ടാരക്കര കേന്ദ്രമാക്കിയാണ് എൻഫോഴ്സ്മെന്റ് ആർ.ടി.ഓഫീസ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ നിരീക്ഷണ കാമറകളുടെ കൺറോൾ റൂമും കൊട്ടാരക്കരയാണ് പ്രവർത്തിക്കുക. വലിയ താമസമില്ലാതെ ഇവ സജ്ജീകരിക്കും. തുടർന്ന് വാഹനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കാമറ കണ്ണിലൂടെ കണ്ടെത്താനും അവയ്ക്ക് പിഴ ഈടാക്കാനും കഴിയും. നിരത്തുകളിലെ വാഹന പരിശോധനാ സംവിധാനം പഴയ നിലയിൽ തുടരുകയും ചെയ്യും. (ഡി.മഹേഷ്, ആർ.ടി.ഒ, എൻഫോഴ്സ്മെന്റ്, കൊല്ലം)