covid

 കൊവിഡ് ലക്ഷണങ്ങൾക്കൊപ്പം മറ്റ് രോഗങ്ങളും ഉള്ളവർക്ക് ചികിത്സ

കൊല്ലം: ജില്ലയിലെ ആദ്യ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ നഗരത്തിൽ ഇന്ന് തുറക്കും. ജില്ലയിലും നഗരത്തിലും കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കൊല്ലം ശ്രീനാരായണ ലാ കോളേജിൽ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കുന്നത്.

ജില്ലാ ആശുപത്രിയിലേത് പോലെ കൊവിഡ് ലക്ഷണങ്ങൾക്കൊപ്പം മറ്റ് രോഗങ്ങളുമുള്ളവരെയാകും ഇവിടെ ചികിത്സിക്കുക. രോഗികൾക്ക് അടിയന്തിര ചികിത്സ നൽകാനുള്ള സംവിധാനങ്ങളും പരിശോധനകൾക്കുള്ള ലാബ് സൗകര്യവും ഇവിടെയുണ്ട്. നാല് ഡോക്ടർമാർക്ക് പുറമേ ഒരു ഫിസിഷ്യൻ പൂർണസമയം ഉണ്ടാകും. ആംബുലൻസ് സേവനവും മുഴുവൻ സമയവും ഉണ്ടാകും.

 ഉയരുന്ന ആശങ്ക

 നഗരത്തിൽ ഇന്നലെ 36 പേർക്ക് കൊവിഡ്

ഓണത്തിനിടെ നഗരത്തിൽ ആശങ്ക സൃഷ്ടിച്ച് കൊവിഡ് വ്യാപനം ഉയരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ 71 പേർക്കാണ് നഗരത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 36 പേരിൽ രോഗം കണ്ടെത്തി.

ഇന്നലെ കാവനാട്, ശക്തികുളങ്ങര, കണിയാംകട, ആലാട്ട്കാവ്, കാവനാട് സ്നേഹതീരം നഗർ, രണ്ടാംകുറ്റി, ചാത്തിനാംകുളം, തിരുമുല്ലവാരം, മുണ്ടയ്ക്കൽ, ശക്തികുളങ്ങര എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ തീരമേഖലയിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ് ബാധിക്കാത്തതാണ് ചെറിയ ആശ്വാസം.

 ഹോക്കി സ്റ്റേഡിയം നിറയുന്നു

ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ നഗരസഭയുടെ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പരമാവധി രോഗികളായി. ഇവിടെ 210 രോഗികളെ പാർപ്പിക്കാനുള്ള സൗകര്യമാണുള്ളത്. ഇന്നലെ ഇവിടുത്തെ അന്തേവാസികളുടെ എണ്ണം 198 ആയി.

 നഗരത്തിലെ കൊവിഡ് കണക്ക്

തീയതി, ആകെ രോഗം സ്ഥിരീകരിച്ചവർ, നിലവിൽ ചികിത്സയിലുള്ളവർ, രോഗമുക്തർ, മരണം

ഈ മാസം ഒന്ന് വരെ: 134, 81, 50, 3

ഇന്നലെ: 422, 214, 205, 3