കൊല്ലം: കൊല്ലത്ത് കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഇന്ന് തുറക്കും. ജില്ലയിലും നഗരത്തിലും കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കൊല്ലം ശ്രീനാരായണ ലാ കോളേജിൽ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കുന്നത്. ജില്ലാ ആശുപത്രിയിലേത് പോലെ കൊവിഡ് ലക്ഷണങ്ങൾക്കൊപ്പം മറ്റ് രോഗങ്ങളുമുള്ളവരെയാകും ഇവിടെ ചികിത്സിക്കുക. രോഗികൾക്ക് അടിയന്തിര ചികിത്സ നൽകാനുള്ള സംവിധാനങ്ങളും പരിശോധനകൾക്കുള്ള ലാബ് സൗകര്യവും ഇവിടെയുണ്ട്. നാല് ഡോക്ടർമാർക്ക് പുറമേ ഒരു ഫിസിഷ്യൻ പൂർണസമയം ഉണ്ടാകും. ആംബുലൻസ് സേവനവും മുഴുവൻ സമയവും ഉണ്ടാകും. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ നഗരസഭയുടെ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പരമാവധി രോഗികളായിക്കഴിഞ്ഞു. ഇവിടെ 210 രോഗികളെ പാർപ്പിക്കാനുള്ള സൗകര്യമാണുള്ളത്. ഇന്നലെ ഇവിടത്തെ അന്തേവാസികളുടെ എണ്ണം 198 ആയി. ഇന്നുകൂടിയാകുമ്പോൾ ഇവിടത്തെ പരിധി പിന്നിടും. കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ കൊല്ലം പട്ടണത്തിൽ മാത്രം 71 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഓണത്തിരക്കായതിനാൽ രോഗികളുടെ എണ്ണം പെരുകാനാണ് സാദ്ധ്യത. സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങുന്നതോടെ ചികിത്സാ സംവിധാനങ്ങൾക്ക് ഏറെക്കുറെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.