കൊല്ലം: ആയത്തിലാടിയും ചില്ലാട്ടം പറന്നും മലയാളിയുടെ ഓണസങ്കല്പങ്ങളിൽ ഒഴിച്ചുനിറുത്താനാവാത്ത ഒന്നാണ് ഊഞ്ഞാൽ. കാലത്തിനൊപ്പം ഇപ്പോൾ ഊഞ്ഞാലും ഓർമ്മകളായായി. പണ്ട് ഓണം പടിവാതിൽക്കലെത്തിയാലുടൻ കുട്ടികൾ മത്സരിച്ച് വീടുകളിൽ ഊഞ്ഞാലിടും. ഇന്നത്തെ തലമുറ പേരിനെങ്കിലും ഊഞ്ഞാലാടുന്നത് കോളേജുകളിലും സ്‌കൂളുകളിലും തട്ടിക്കൂട്ടുന്ന ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ മാത്രമാണ്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇത്തവണ സ്കൂളുകളില്ലാത്തതിനാൽ അതുമുണ്ടായില്ല.
പഴയകാലത്ത് ചിങ്ങം പിറന്നാലുടൻ ഓണത്തിന്റെ വരവറിയിച്ച് തൊടിയിലോ വീട്ടുമുറ്റത്തോ നാട്ടുമാവിന്റെയോ മുത്തശിപ്ലാവിന്റെയോ കൊമ്പിൽ ഊഞ്ഞാൽ കെട്ടും. ഊഞ്ഞാലുമായി ബന്ധപ്പെട്ട് പണ്ട് ധാരാളം പാട്ടുകളും മത്സരങ്ങളും ഉണ്ടായിരുന്നു. ഊഞ്ഞാലിലിരുന്ന് ഏറ്റവും കൂടുതൽ സമയം ആടി പറക്കുക, ഏറ്റവും ഉയരത്തിലെത്തി ഇലതൊട്ടുവരിക തുടങ്ങിയവ. ഓണപ്പാട്ടുകൾ പാടിയുള്ള ഊഞ്ഞാലാട്ടം മലയാളിക്ക് ഗൃഹാതുരമായ ഒരോർമ്മയാണ്.
മുമ്പ് ഊഞ്ഞാലിടാൻ കയറിന് പുറമെ ഒരിക്കലും പൊട്ടാത്ത പലതരം വടങ്ങളും ഉപയോഗിച്ചിരുന്നു. ഇന്ന് നാട്ടിൻ പുറങ്ങളിലെ അപൂർവം ചില വീടുകളിൽ മാത്രമാണ് ഓണത്തിന് ഊഞ്ഞാലുകൾ കാണാൻ കഴിയുക. പറമ്പുകളിലെ മരങ്ങൾ വെട്ടി മാറ്റി മണ്ണായ മണ്ണിലെല്ലാം കോൺക്രീറ്റ് സൗധങ്ങളുയർന്നപ്പോൾ വീട്ടുമുറ്റത്തുനിന്ന് ഊഞ്ഞാലും പടിയിറങ്ങി.
നഗരത്തിലെ കോൺക്രീറ്റ് കെട്ടിടങ്ങളിലെപ്പോഴും ആടാൻ പ്ലാസ്റ്റിക് ചരടിൽ കൂട്ടിയിണക്കിയ ഊഞ്ഞാലുകൾ ലഭ്യമാണെങ്കിലും വീട്ടുപറമ്പിൽ മരച്ചില്ലയിൽ കെട്ടിയാടുന്ന ഊഞ്ഞാലിന്റെ അനുഭവം അതിന് പകരാനാകില്ല. വയലേലകളും തൊടിയും ഓണത്തുമ്പികളും ഓണക്കളികളും പോലെ ആയത്തിൽ പറന്നുയർന്ന ഊഞ്ഞാലും മലയാളിക്ക് ഇനി ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാം.